ന്യൂഡൽഹി :വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ടശേഷം കരീബിയൻ രാജ്യമായ ആൻറിഗ്വാ യിൽ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിൽ.
അനന്തരവൻ നീരജ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി അറസ്റ്റിലായത്. കുറ്റവാളി ഇന്ത്യയുമായി കൈമാറ്റ കരാർ ഇല്ലാത്ത ആൻറിഗ്വായിലായിരുന്നു 2018 മുതൽ മെഹുൽ ചോക്സിയുടെ താമസം.
ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്ക് വേണ്ടി ഇൻറർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്നലെ
രാത്രിയോടെ അറസ്റ്റിലാകുകയായിരുന്നു.ഇന്ത്യയിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസും, പൗരത്വം സംബന്ധിച്ച മറ്റൊരു കേസിലും ആൻറിഗ്വായിൽ തന്നെ പ്രതിയാണിയാൾ.
ചോക്സിയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതരുടെയും മറ്റും സഹായത്തോടെ ശ്രമം തുടരുമെന്ന് ആന്റിഗ്വാ പ്രധാനമന്ത്രി ഗാസ്റ്റർ ബ്രൗൺ വ്യക്തമാക്കിയിരുന്നു. പ്രതിയെ ഡോമിനിക്കയിൽനിന്ന് ആൻറിഗ്വായ്ക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.