Spread the love
കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍

കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍. മൂന്നു മാർ‍ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത. വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ല. ശാസ്ത്രീയ മാർഗങ്ങളിലൂടെ മറവു ചെയ്യണമെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, ഇവ ഏതൊക്കയാ‍ണെന്നു ചൂണ്ടിക്കാട്ടാ‍ത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നാണു പരാതി. അതിന്‍റെ ചെലവ് ആര് കണ്ടെത്തുമെന്നതിലും വ്യക്തതയില്ല. അപേക്ഷ പരിഗണിച്ച് ഉപ്രദവകാരികളായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവ്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ മുൻകൂർ അപേക്ഷ നൽകാനാകുമെന്നതാണ് മറ്റൊരു പ്രശ്നം. പന്നിയെ വെടിവയ്ക്കുന്നവർക്ക് വേതനം നൽകുന്ന കാര്യത്തിലും ഉത്തരവിൽ പരാമര്‍ശമില്ല. ഉത്തരവിലെ ഈ അവ്യക്തതയുടെ പേരിൽ വരും ദിവസ‍ങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാൻ ഇടയുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ ചൂണ്ടിക്കാട്ടുന്നു. മെയ് 25 നായിരുന്നു കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പുതിയ ഉത്തരവിനെ കുറിച്ച് വനം മന്ത്രി വ്യക്തമാക്കിയത്. കാട്ടുപന്നികളെ ക്ഷുദ്രജീവികൾ ആയി പ്രഖ്യാപിച്ചു കൊണ്ടാണ് സംസ്ഥാന മന്ത്രിസഭ കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനം കൈക്കൊണ്ടത്.

Leave a Reply