തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 തദ്ദേശ വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1,34,451 പുരുഷൻമാരും 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്ജെന്റർമാരും ഇതിൽ ഉൾപ്പെടും.
ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കോർപ്പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പിനായി ആകെ 367 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ഏഴിന് ആരംഭിച്ചു. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ക്രമസമാധാന പ്രശ്നങ്ങളുള്ള പോളിംഗ് ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് കർശനമായ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ മാസ്ക് നിർബന്ധമാണ്. വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും സാനിറ്റൈസർ നൽകും. പോളിംഗ് ബൂത്തിന് അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാക്കും.
32 വാർഡുകളിലായി ആകെ 115 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 21 പേർ സ്ത്രീകളാണ്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പത്തിന് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ൽ ലഭ്യമാകും.