
അട്ടപ്പാടി: അടുത്ത കാലത്തായി കേരളത്തില്‍ വന്യമൃഗങ്ങള്‍ കാടുവിട്ടിറങ്ങുന്നുവെന്ന് ഏറെ പരാതികള്‍ ഉയര്‍ന്നിരുന്നു. കാട്ടുപന്നിയും കാട്ടുപോത്തും ആനയും മറ്റും കാട്ടുവിട്ടിറങ്ങി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ കേരളത്തില്‍ ഓരോ ദിവസം കഴിയുമ്പോഴും കൂടുകയാണ്. ഇതിനിടെയാണ് ഇന്ന് രാവിലെ പാലക്കാട് ജില്ലയിലെ ഗൂളിക്കടവ് ഒഎല്‍എച്ച് കോളനിയിലേക്ക് തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് പുള്ളിമാന്‍ കുട്ടിയെ ഓടിച്ച് കൊണ്ട് വന്നത്.
നായ്ക്കളുടെ കുരക്കേട്ട് സംഭവം അന്വേഷിച്ചപ്പോളാണ് ഒരു മാന്‍ കുട്ടിയെ നായ്ക്കളെല്ലാം ചേര്‍ന്ന് ഓടിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്ക് പറ്റി അവശ നിലയിലായ മാന്‍ കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.
കാലുകളില്‍ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലായിരുന്ന മാന്‍ കുട്ടിയ്ക്ക് വെള്ളവും പ്രഥമ ശുശ്രൂഷകളും നല്‍കിയ പ്രദേശവാസികള്‍ അതിനെ അക്രമിക്കാനെത്തിയ നായ്ക്കളില്‍ നിന്നും രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രദേശവാസികള്‍ വിളിച്ചറിയിച്ചത് അനുസരിച്ച് നെല്ലിപ്പതിയില്‍ നിന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എത്തുകയും മാന്‍കുട്ടിയെ അഗളിയിലെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ വെറ്റിനറി ആശുപത്രിയിലുള്ള മാന്‍ കുട്ടി സുഖം പ്രാപിക്കുന്ന മുറയ്ക്ക് കാട്ടിലേക്ക് കയറ്റിവിടുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.