പുനലൂർ : ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലെ നാലു പേരെ സ്ഥലവാസികൾ രക്ഷിച്ചു. ദേശീയപാതയിൽ കലയനാട് ജംക്‌ഷനിൽ നിന്ന് അംബിക്കോണത്തേക്കു പോകുന്ന റോഡിൽ അടിവയലിൽകാവ് ശാലം ജംക്‌ഷന് സമീപം കലയനാട് തോട്ടിലേക്കാണ് ഇന്നലെ ഉച്ചയോടെ ഓട്ടോ മറിഞ്ഞത്. പുനലൂർ നിന്നു പാലോട് ഭാഗത്തേക്ക് യാത്രക്കാരുമായി പോയ ഓട്ടോയാണ് അപകടത്തിൽപെട്ടത്. കോൺക്രീറ്റ് റോഡിലെ ചെളിയിൽ തെന്നി ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ വെട്ടിത്തിട്ട മിനി ഹൗസിൽ ജോർജ് റോബർട്ടിന് സാരമായ പരുക്കേറ്റു. യാത്രക്കാർക്ക് നിസ്സാര പരുക്കുണ്ട്. കഴിഞ്ഞ ദിവസമാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. കനത്ത മഴയിലും റോഡിൽ വെള്ളം കെട്ടിനിന്ന് ചെളിക്കെട്ട് രൂപപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. മണിക്കൂറുകൾക്കു ശേഷം ഓട്ടോറിക്ഷ തോട്ടിൽ നിന്നു കരയ്ക്കു കയറ്റി.