തിരുവനന്തപുരം:കോവിഡ് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗൺ ഫലം കാണുന്നുവെന്ന് അധികൃതർ.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ പ്രയോജനപ്പെടുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കേരളത്തിൽ 10,000 പേരിൽ 128.7 പേർക്കു വരെ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 89 ആയി കുറഞ്ഞിരിക്കുകയാണ്.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ )30% ഇപ്പോൾ 22% ആയി. പ്രതിദിന കേസുകളുടെ എണ്ണം ശരാശരി 10,000 ആയി കുറഞ്ഞിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന എറണാകുളം, കോഴിക്കോട്,മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെയും പോസിറ്റീവ് കേസുകൾ കുറഞ്ഞുതുടങ്ങി. എന്നാൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 188 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 7,358 ആയി. കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത് കുറയാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.