സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൊവിഡ് കേസുകള്‍ കുറഞ്ഞതും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചതും കണക്കിലെടുത്താണ് സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത്.
ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലെക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ട്രെയിനുകള്‍ എല്ലാം അണുനശീകരണം നടത്തി സര്‍വീസിന് സജ്ജമായതായി റെയില്‍വെ അറിയിച്ചു.
കൊവിഡ് ഒന്നാംതരംഗത്തില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും ചുരുക്കുകയായിരുന്നു.
ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതില്‍പ്പെടും. എന്നാല്‍ ചില ദീര്‍ഘദൂര തീവണ്ടികള്‍ സര്‍വീസ് തുടര്‍ന്നിരുന്നു.