മസ്കത്ത് : ഒമാനിൽ വിദേശ നിക്ഷേപകർക്ക് നൽകുന്ന ദീർഘകാല താമസാനുമതി സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ച് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

5,10 വർഷ കാലാവധിയുള്ള വീസകൾ ആയിരിക്കും അനുവദിക്കുക.ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ മന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കും നിക്ഷേപകർക്കുള്ള ദീർഘകാല വീസ പദ്ധതിക്ക് അനുമതി നൽകിയിരുന്നു.
നിക്ഷേപവും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നത്. ഇതിലൂടെ ഒമാനിൽ സംരംഭങ്ങളും വർദ്ധിപ്പിക്കാനാകും. നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ,നിക്ഷേപ വിഭാഗങ്ങളിലാണ് നിലവിൽ വീസ അനുവദിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ മന്ത്രാലയത്തിന്റെ നിക്ഷേപ സേവന കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ നൽകാനാകുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.