നിലവാരമില്ലാത്ത കല്ലും മണ്ണും ഉപയോഗിച്ച് മൂവായിരം രൂപയിൽ താഴെ മാത്രം ചെലവ് വരുന്ന ആയിരക്കണക്കിന് ജണ്ടകൾ കെട്ടിയുയർത്തി, ഒന്നിന് 10,000 രൂപ വീതം എഴുതിയെടുത്തെന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു 29,000 ജണ്ടകൾ കെട്ടിയെന്നും 23,000 ജണ്ടകൾ കൂടി ആ വർഷം കെട്ടി വനാതിർത്തി നിർണയം പൂർത്തിയാക്കും എന്നും അവകാശപ്പെട്ടിരുന്നു. 2019 മുതൽ 2022 വരെ 89 കോടി രൂപ ‘സർവേ ഓഫ് ഫോറസ്റ്റ് ബൗണ്ടറി’ എന്ന ബജറ്റ് ശീർഷകത്തിൽ വകയിരുത്തുകയും ഇതിൽ 70 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ജണ്ടയ്ക്ക് 9000–10000 രൂപ വീതം നിർമാണ ചെലവ് കാണിച്ചിട്ടുണ്ട്.
നിലവാരമുള്ള പാറ ഉപയോഗിക്കണം. 1:6 അനുപാതത്തിൽ സിമന്റ്: മണൽ മിശ്രിതം ഉപയോഗിച്ചു മുകൾ വശത്ത് സിമന്റ് പൂശണം. ഉയരം ഒരു മീറ്റർ. മുകൾ വശത്തെ ചതുരത്തിന് 60 സെന്റീമീറ്റർ വിസ്തൃതി വേണം. ഇങ്ങനെയൊക്കെ ഉള്ള ജണ്ട കെട്ടുന്നതിലെ മാനദണ്ഡങ്ങൾ പാലിക്കാതെ കാട്ടിനുള്ളിൽതന്നെ ലഭ്യമായ കല്ലുകൾ അടുക്കിവച്ച് െചളി കൊണ്ടു മൂടുക മാത്രമാണ് പലയിടത്തും ചെയ്തത്. മനുഷ്യർ ചാരി നിന്നാൽ ജണ്ട ഇടിഞ്ഞു വീഴും. ആന ഇടിച്ചിട്ടതാണ് എന്നായിരുന്നു പലയിടത്തെയും വിശദീകരണം. മറ്റു ഡിവിഷനുകളിൽ വർഷം ആയിരത്തിൽ താഴെ ജണ്ട കെട്ടുമ്പോൾ തിരുവനന്തപുരത്ത് മൂവായിരം ജണ്ടകൾ കെട്ടി. നിലവാരമില്ലാത്ത എത്ര എണ്ണം ഉണ്ടെന്ന് സമഗ്ര അന്വേഷണം നടത്തി 15നകം റിപ്പോർട്ട് നൽകാൻ വനം വിജിലൻസ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം വനം ഉന്നതർക്കു നേരെ തിരിയും എന്നതിനാൽ വിജിലൻസിന്റെ പരിശോധന വെറും പ്രഹസനമായേക്കും എന്ന ആരോപണമുണ്ട്.