ആര്യങ്കാവ്∙ റെയിൽവേ പാളത്തിലേക്കു ലോറി മറിഞ്ഞു തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഡ്രൈവർക്കൊപ്പം ലോറിയിലുണ്ടായിരുന്ന സഹായി പെരുമാളിനെ (28) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം നഷ്ടമായ ലോറി കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കു പതിക്കുകയായിരുന്നു. കേരളത്തിൽനിന്നും തമിഴ്നാട്ടിലേക്കു പ്ലൈവുഡ് കയറ്റിപ്പോയ ലോറിയാണ് മറിഞ്ഞത്.
വീഴ്ചയുടെ ആഘാതത്തിൽ ലോറി പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള സ്പെഷൽ ട്രെയിൻ റദ്ദാക്കി. ട്രെയിൻ വരുന്നതിനു മിനിറ്റുകൾക്കു മുൻപാണ് ലോറി മറിഞ്ഞത്. സംഭവസ്ഥലത്തുനിന്നും 200 മീറ്റർ അകലെയുണ്ടായിരുന്ന നാട്ടുകാർ അപകട സിഗ്നൽ നൽകി ട്രെയിൻ നിർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷമാണ് കൊല്ലം ചെങ്കോട്ട പാതയിൽ ഗതാഗത തടസ്സം മാറിയത്.