കോഴിക്കോട്: ഓൺലൈൻ ഗെയിം കളിച്ചുണ്ടായ കടം തീർക്കാനായി മൂന്നു സ്ഥലങ്ങളിലായി ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവ് പിടിയിൽ. കണ്ണഞ്ചേരി അറയിൽ വീട്ടിൽ എ.വി. അനൂപി (31) നെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഈ മാസം 19-നാണ് കേസിനാസ്പദമായ സംഭവം. തിരുവണ്ണൂർ സ്കൂളിനു സമീപം ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന മാനാരി സ്വദേശിനിയുടെ മാല സ്കൂട്ടറിലെത്തി പൊട്ടിക്കുകയായിരുന്നു. പന്നിയങ്കര പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സ്കൂളിന്റെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പർ അവ്യക്തമായിരുന്നു. തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെ നമ്പർ മനസ്സിലാക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തി പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു.
പ്രതിയെ ചോദ്യംചെയ്തപ്പോൾ അന്നേദിവസം ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ മാലപൊട്ടിക്കുകയും അടുത്തദിവസം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുപവന്റെ സ്വർണമാല പിടിച്ചുപറിച്ചതായും സമ്മതിച്ചു.