Spread the love

കൊച്ചി ∙ കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത സംഭവത്തിൽ പ്രതികരണവുമായി ദൃക്സാക്ഷി. അഷലിന്റെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ആക്രമണമായിരുന്നുവെന്നും നീനുവിനെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മനോജ് പറഞ്ഞു. മാസങ്ങളായി അകന്നു കഴിയുന്ന അഷൽ ഇടയ്ക്ക് നീനുവിന്റെ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കിയിരുന്നുവെന്നും മനോജ് പ്രതികരിച്ചു. ഇടപ്പള്ളി ടോൾ എകെജി റോഡ് അക്ഷയ സെന്ററിന് അടുത്ത് വച്ച് ഇന്നു രാവിലെ ഒൻപതേ കാലോടെയാണ് ജോലി സ്ഥലത്തേക്ക് പോകാനായി ഇറങ്ങിയ നീനു ആക്രമണത്തിന് ഇരയായത്.

‘‘അഷൽ ഒന്നുരണ്ടു തവണ നീനുവിന്റെ വീട്ടിലെത്തി ബഹളം വയ്ക്കുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം എന്നാണ് മനസ്സിലാക്കുന്നത്. പെട്ടെന്നുള്ള ആക്രമണമായിരുന്നു. പിന്നാലെ അവൻ വണ്ടി ഓടിച്ചു പോയി. കുട്ടി രക്ഷിക്കണേയെന്ന് നിലവിളിച്ചപ്പോൾ ആളുകൾ ഓടിക്കൂടുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ നല്ല ആഴത്തിലുള്ള മുറിവാണ്. കിൻഡർ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം അമൃത ആശുപത്രിയിലേക്കു മാറ്റി’’ –മനോജ് അറിയിച്ചു.

ഇരുവരും തമ്മിലുള്ള സംസാരം പിന്നീട് തർക്കത്തിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ കയ്യിലിരുന്ന കത്തികൊണ്ട് അഷൽ നീനുവിന്റെ കഴുത്തിൽ കുത്തി മുറിവ് ഏൽപ്പിച്ചു. റോഡിൽ ഉൾപ്പെടെ രക്തം ചിന്തിയ നിലയിലാണുള്ളത്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ നീനുവിനെ ഉടൻതന്നെ പത്തടിപാലം കിൻഡർ ഹോസ്പിറ്റലിൽ എത്തിച്ചു. കഴുത്തിൽ ഗുരുതര പരുക്കേറ്റതിനാൽ അമൃത ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നാലെ നീനുവിന്റെ ഭർത്താവ് കോമ്പാറ സ്വദേശി അഷല്‍ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഏതാനും മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. എട്ടു വർഷം മുൻപാണ് ഇരുവരും പ്രേമിച്ച് വിവാഹിതരായത്. ഈ ബന്ധത്തിൽ‌ 7 വയസുള്ള ഒരാൺകുട്ടിയുണ്ട്. വീടിനടുത്തുള്ള ഹാർഡ് വെയർ കടയിൽ ജോലിക്ക് പോകാനായി ഇറങ്ങിയ നീനുവിനെ, വഴിയിൽ കാത്തുനിന്ന അഷൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അഷലിന് നിലവിൽ ജോലിയൊന്നുമില്ല. മുൻപ് രണ്ടു തവണ ഇയാൾ ആത്മഹത്യാശ്രമം നടത്തിയതായി വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply