തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 20ഓടെ കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 14വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനിടെ ന്യൂനമർദ്ദങ്ങൾ രൂപം കൊണ്ടാൽ ശക്തമായ മഴ ലഭിച്ചേക്കും. അതേസമയം, കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് ലഭിച്ചത് 76.4 മില്ലിമീറ്റർ മഴ മാത്രമാണ്. ലഭിക്കേണ്ടിയിരുന്നത് 182.2 മില്ലിമീറ്റർ. 58 ശതമാനത്തിന്റെ കുറവ്. സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് വിഴിഞ്ഞം മുതൽ കാസർകോടുവരെ തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും ഒപ്പം കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനം പാടില്ല.