തിരുവനന്തപുരം : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിന്, ലക്ഷദ്വീപിനു മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് പടിഞ്ഞാറ്, വടക്ക്–പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ച്, മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണു ശക്തമായ മഴ. മലയോര മേഖലകളിൽ പ്രത്യേകം ജാഗ്രത പുലർത്തണം. അലർട്ടില്ലെങ്കിലും തൃശൂർ, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിൽ ജാഗ്രത പുലർത്തേണ്ടതാണ്.