തിരുവനന്തപുരം : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദങ്ങളുടെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് മഴ തുടരും. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട വ്യാപക മഴയ്‌ക്കുള്ള സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കാസർകോട് മുതൽ എറണാകുളം വരെയും ആലപ്പുഴയിലും ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലായി മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേസമയം സംസ്ഥാനത്ത് മലയോരമേഖലകളിടക്കം ശക്തമായ മഴ തുടരുകയാണ്.
മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയ ന്യൂനമർദമായി മാറിയെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടി ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.