
തിരുവനന്തപുരം: കാത്തു കാത്തിരുന്ന ലുലു മാൾ 17നു തുറക്കുന്നതോടെ തലസ്ഥാന നഗരത്തിൽ ഇനി വ്യാപാര പോരാട്ടം. ലുലു മാളിന്റെ ഏറ്റവും വലിയ ആകർഷണം ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാം കിട്ടുന്ന, നിത്യോപയോഗ സാധനങ്ങൾ മുഴുവൻ ഉൾക്കൊള്ളിച്ച ഹൈപ്പർ മാർക്കറ്റാണ്. ഓഫറുകളുടെ പെരുമഴയുമായി ലുലു എത്തുമ്പോൾ തങ്ങളുടെ കച്ചവടം നിലനിർത്താൻ ബിഗ് ബസാർ, പോത്തീസ്, രാമചന്ദ്ര, റിലയൻസ് തുടങ്ങിയ റീട്ടെയിൽ വമ്പൻമാരും കളി തുടങ്ങി.
മാൾ ഓഫ് ട്രാവൻകൂർ, സെൻട്രൽ മാൾ എന്നിവരും വിലക്കുറവുമായി രംഗത്തുണ്ട്. ഇവരെല്ലാം ഉൽപന്നങ്ങൾക്കു വില കുറച്ച് കച്ചവടം പിടിക്കാൻ പരസ്പരം മത്സരിക്കുമ്പോൾ ആത്യന്തികമായി നേട്ടം ഉപഭോക്താക്കൾക്കാണ്. ക്രിസ്മസ്, പുതുവത്സര വിപണി ലക്ഷ്യമിട്ട് മിക്ക സ്ഥാപനങ്ങളും ഇപ്പോൾ തന്നെ ഓഫർ വിൽപന ആരംഭിച്ചു കഴിഞ്ഞു. ഒന്നെടുത്താൽ ഒന്നു ഫ്രീ, രണ്ടെടുത്താൽ ഒന്നു ഫ്രീ, 50% മുതൽ 70% വരെ ഡിസ്കൗണ്ട് തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
ബുധനാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക വിലക്കിഴിവുമായി ഹൈപ്പർ മാർക്കറ്റുകൾ പച്ചക്കറി വിൽപന പൊടിപൊടിക്കുകയാണ്. പച്ചക്കറിക്ക് തീവിലയായതോടെ ഓഫർ കിട്ടുന്നിടത്തേയ്ക്ക് ജനം പായുകയാണ്. മുക്കിനു മുക്കിനു ഹൈപ്പർ മാർക്കറ്റുകൾ വന്നിട്ടും വിലക്കുറവിന്റെ കേന്ദ്രമായ ചാല മാർക്കറ്റിൽ ഇപ്പോഴും തിരക്കോടു തിരക്കു തന്നെ.
20 ലക്ഷം ചതുരശ്ര അടിയിൽ ലുലുമാൾ
ആക്കുളത്ത് ബൈപാസിനരികിൽ 2,000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്ര അടിയിലാണ് ലുലു മാൾ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 2 ലക്ഷം ചതുരശ്ര അടിയിലെ ലുലു ഹൈപ്പർ മാർക്കറ്റാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, 12 സ്ക്രീനുകളുള്ള മൾട്ടിപ്ലക്സ്, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി എന്റർടെയ്ൻമെന്റ് സെന്റർ, 2,500 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഫുഡ് കോർട്ട്, 8 നിലകളിലായി 3500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയിലാണ് ലുലു മാളിന്റെ പ്രത്യേകത. ഉദ്ഘാടനം 16ന് ആണെങ്കിലും 17 മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം.