വിനോദസഞ്ചാരി പകർത്തിയ വീഡിയോ തെളിവായി കിട്ടിയതിനെ തുടർന്ന് കായലിൽ മാലിന്യം ഒഴുക്കിയതിന് ഗായകൻ എം ജി ശ്രീകുമാർ 25,000 രൂപ പിഴയടയ്‌ക്കേണ്ടി വന്നിരുന്നു. താരത്തിന്റെ ബോൾഗാട്ടിയിലുള്ള വീട്ടിൽ നിന്നും പൊതി കാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യം വിനോദസഞ്ചാരി പകർത്തുകയും ഇത് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ആയിരുന്നു. മന്ത്രിയെ അടക്കം ടാഗ് ചെയ്തു പോസ്റ്റ് വൈറൽ ആയതോടെ മന്ത്രി എംബി രാജേഷ് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇത് എംജി ശ്രീകുമാറിന്റെ വീടാണെന്നും കുറ്റത്തിന് 25000 രൂപ പിഴയും വിധിച്ചു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകൻ.
‘കായലിൽ കളഞ്ഞത് മാലിന്യമല്ല അഴുകിയ മാമ്പഴം. മാലിന്യം ബോൾഗാട്ടിയിലെ വീട്ടിലെ ജോലിക്കാരിയാണ് മാലിന്യം കായലിലേക്ക് വലിച്ചെറിഞ്ഞത്. ബോൾഗാട്ടിയിലുള്ള വീട്ടിൽ പത്ത് ദിവസത്തിൽ കൂടുതൽ ഞാൻ കാണാറില്ല. അവിടെ വലിയ മാലിന്യമൊന്നുമില്ല. മുറ്റത്തെ മാവിൽ നിന്ന് മാങ്ങ തറയിൽ വീഴാറുണ്ട്. ഇത് കായലിലും മുറ്റത്തുമൊക്കെ ആയാണ് വീഴുന്നത്. മാലിന്യം കായലിലേക്ക് ഒഴുക്കിയെന്ന് പറഞ്ഞ് വീടിന് മുന്നിൽ ബോർഡുകളൊക്കെ ഉണ്ടായിരുന്നു. തർക്കിക്കാൻ പോയില്ല. അണ്ണാൻ കടിച്ചുവീണ മാങ്ങയാണ് സെർവന്റ് കായലിലേക്ക് എറിഞ്ഞത്’.
‘ഒരു മാങ്ങയ്‌ക്ക് 25,000 രൂപ പിഴയടക്കേണ്ടി വന്നു. ഞാൻ പരാതിയൊന്നും പറയാതെയാണ് പിഴയടച്ചത്. മാലിന്യം അല്ല മാമ്പഴമാണത്. ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ, ആശുപത്രികളിൽ നിന്നും ഹോട്ടലിൽ നിന്നും ടൺ കണക്കിന് മാലിന്യം കായലിലേക്ക് ഒഴുകുന്നുണ്ട്. അതൊന്നും അധികൃതർ കാണുന്നില്ലേ എന്നൊരു ചോദ്യം മാത്രമേയുള്ളൂ’വെന്നും എം ജി ശ്രീകുമാർ പറഞ്ഞു.