കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി കോഴിക്കോട് വച്ച് അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഗായകൻ, ഗാനരചയിതാവ് സംഗീത സംവിധായകൻ എന്നീ നിലകളില്‍ പ്രശസ്തനാണ്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളിയിൽ
ആറ് പതിറ്റാണ്ടായി മാപ്പിളപ്പാട്ട് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി എം കുട്ടി. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തിട്ടുണ്ട്. അധ്യാപകനായി ജോലി ചെയ്തു വന്നിരുന്ന അദ്ദേഹം പിന്നീട്, സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാകുകയായിരുന്നു. 1972ൽ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍കട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അദ്ദേഹം അവതരിപ്പിച്ചത്. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍കൊണ്ട് അദ്ദേഹം ജനകീയമാക്കി.