Spread the love

പീരുമേട്: പന്ത്രണ്ടുവയസുകാരന് നിർബന്ധിച്ച് മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു.

കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിലുള്ളത്. ജൂവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി പന്ത്രണ്ടുകാരന് മദ്യം നൽകിയതിന്റെ കാരണം കണ്ടെത്താനും മറ്റാർക്കെങ്കിലും ഇത്തരത്തിൽ മദ്യം നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂരിൽ ഈ മാസം ആദ്യം പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരി അറസ്റ്റിലായിരുന്നു. പുലിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പെരുമാ​റ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തലശേരി സർക്കിൾ ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്​റ്റ് ചെയ്തത്. സമാനമായ മറ്റൊരുകേസിൽ പ്രതിയായ സ്നേഹ ഒരു ആക്രമണകേസിലും പ്രതിയായിരുന്നു.

Leave a Reply