
മണ്ണാർക്കാട്: ആദിവാസിയുവാവ് മധു കൊല്ലപ്പെട്ട കേസിൽ വനംവകുപ്പിന്റെ കേസുമായിബന്ധപ്പെട്ട മുഴുവൻ രേഖകളുമില്ലെന്ന് സാക്ഷിയായെത്തിയ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ എം. സുമേഷ്. അതേസമയം തങ്ങൾക്കുകിട്ടിയ പകർപ്പിൽ മുഴുവൻ രേഖകളുമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ. തുടർന്ന്, രേഖകൾ പരിശോധിച്ച കോടതി മുഴുവൻ രേഖകളെവിടെയെന്ന് പ്രോസിക്യൂഷനോട് ആരാഞ്ഞു. പ്രതിഭാഗത്തിന്റെ പകർപ്പിൽ എല്ലാ രേഖകളുമുണ്ടെങ്കിൽ കോടതിയിൽ ഉണ്ടാവേണ്ടതാണെന്നും എന്നാൽ പരിശോധിച്ചപ്പോൾ കാണുന്നില്ലെന്നും പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ കോടതിയെ അറിയിച്ചു. കോടതിയിലെ രേഖകളിൽ ഉൾപ്പെടെ പ്രോസിക്യൂഷൻ കൃത്രിമം കാണിച്ചിരിക്കുകയാണെന്ന് പ്രതിഭാഗം ആരോപിച്ചു.
വനത്തിൽ അതിക്രമിച്ചുകയറിയവർക്കെതിരേയുള്ള വനംവകുപ്പിന്റെ കേസുകൂടി വധക്കേസിന്റെ ഭാഗമാക്കുന്നതിനാണ് 85-ാം സാക്ഷി ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറെ വീണ്ടും വിസ്തരിച്ചത്. വനംവകുപ്പിന്റെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനാണ് താനെന്ന് വിചാരണക്കിടയിൽ പറഞ്ഞു. എന്നാൽ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർക്ക് കേസന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
25, 26 സാക്ഷികൾ കാട്ടിൽ കയറിയതിന് കേസെടുത്തിട്ടുണ്ടോ എന്ന് പ്രതിഭാഗം ചോദിച്ചു. അറിയില്ലെന്നായിരുന്നു മറുപടി. കാട്ടിൽ ആരെങ്കിലും താമസിച്ചതായി വിവരം ലഭിച്ചിരുന്നോ എന്നും പ്രതിഭാഗം ചോദിച്ചു. ആദിവാസികൾക്ക് കാട്ടിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും കൂടുതൽ കാര്യങ്ങൾ രേഖകൾ പരിശോധിച്ചാലേ പറയാനാവൂ എന്നും സാക്ഷി പറഞ്ഞു.
ജാമ്യം റദ്ദാക്കിയ 11 പ്രതികളുടെ ഫോൺകോൾ രേഖകൾ ശേഖരിച്ച നോഡൽ ഓഫീസർമാരെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജിനൽകി.
ഈ ഹർജിയിൽ പ്രതിഭാഗത്തിന് ആക്ഷേപം ബോധിപ്പിക്കുന്നതിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിന്റെ വിചാരണ ഈമാസം തന്നെ അവസാനിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടെന്നും വിസ്താരം വേഗം പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.