Spread the love

ഭോപ്പാൽ: 77–ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്ത പരിപാടികൾക്കിടെ മധ്യപ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രിയും നിയമസഭാ സ്പീക്കറും വേദികളില്‍ കുഴഞ്ഞുവീണു.

റെയ്സണിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള പരേഡിൽ സല്യൂട്ട് സ്വീകരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരി കുഴഞ്ഞുവീണത്. അദ്ദേഹത്തെ ഉടൻ തന്നെ റെയ്സനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മൗഗഞ്ജിലെ വേദിയില്‍ വച്ച് സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണു മധ്യപ്രദേശ് സ്പീക്കർ ഗിരീഷ് ഗൗതമിന‌ു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പതാക ഉയർത്തിയശേഷം പ്രസംഗിക്കാൻ തയാറാകുന്നതിനിടെയാണ് സ്പീക്കർ തളർന്നു വീണത്. ഉടൻ തന്നെ ഡോക്ടർമാരുടെ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു. സ്പീക്കർ ചികിത്സയിലാണെന്നാണു വിവരം.

സംസ്ഥാനത്ത് ഇന്നലെ ഹർഘർ തിരംഗ അഭിയാന്റെ ഭാഗമായി മൂന്ന് റാലികൾ സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളും പൊലീസ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ റാലിയുടെ ഭാഗമായി. ആരോഗ്യ മന്ത്രി ഡോ. പ്രഭുറാം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു റാലികൾ നടന്നത്. സ്വാതന്ത്രദിനാശംസകൾ നേർന്ന ചൗധരി എല്ലാവരോടും അവരുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്താനും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനും അഭ്യർഥിച്ചു.

Leave a Reply