ചെന്നൈ: മേജർ മുകുന്ദ് വരദരാജൻ, ഇന്ദു റബേക്ക വർഗീസ് എന്നിവരായി ശിവകാർത്തികേയനും സായി പല്ലവിയും അഭിനയിച്ച രാജ്കുമാർ പെരിയസാമിയുടെ അമരൻ ഒക്ടോബർ 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ഇപ്പോള്‍ തീയറ്ററില്‍ വന്‍ വിജയം നേടുകയാണ്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറും എന്നാണ് വിവരം.
അതേ സമയം ചിത്രത്തിൽ മേജര്‍ മുകുന്ദിന്‍റെ ജാതി പരാമർശിക്കാത്തതിൽ ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഇത് ഉൾപ്പെടുത്താത്തതെന്ന് സംവിധായകൻ വ്യക്തമാക്കിയതാണ് ഇപ്പോള്‍ വൈറലായത്. കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ മേജർ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് അമരന്‍ സിനിമ. മുകുന്ദിന്‍റെ ഭാര്യ ഇന്ദുവിനും മാതാപിതാക്കൾക്കും താൻ സിനിമ ചെയ്യുന്നതിനു മുമ്പ് തന്നോട് ചില അഭ്യർത്ഥനകൾ നടത്തിയിരുന്നുവെന്ന് രാജ്കുമാർ പറഞ്ഞു. ഇന്ത്യാ ടുഡേ തമിഴിന് നല്‍കിയ അഭിമുഖത്തില്‍ മുകുന്ദ് പറഞ്ഞത് ഇതാണ്. “ഇന്ദുവിനു ഒരേയൊരു അപേക്ഷയേ ഉണ്ടായിരുന്നുള്ളൂ. മുകുന്ദ് ഒരു തമിഴനായതിനാൽ ശക്തമായ തമിഴ് വേരുകളുള്ള ഒരാളെ ഞാൻ കാസ്റ്റ് ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ ഞാൻ ശിവകാർത്തികേയനെ കണ്ടെത്തി. സിനിമയ്ക്ക് ഒരു തമിഴ് ഐഡന്‍റിറ്റി വേണമെന്ന് ഇന്ദു ആഗ്രഹിച്ചു”.
ഒരു സംവിധായകന്‍ എന്ന നിലയിൽ മുകുന്ദിന്‍റെ ജാതി പരാമർശിക്കാൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്ന് രാജ്കുമാര്‍ പറഞ്ഞു. അന്തരിച്ച മേജറുടെ കുടുംബം ഒരിക്കലും തന്നോട് ജാതി ചോദിച്ചിട്ടില്ലെന്നും അവരോട് അവരുടെ ജാതി ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അശോക ചക്ര പുരസ്‌കാര ജേതാവിന് നൽകിയ ആദരവാണ് ചിത്രം എന്നും രാജ്കുമാര്‍ പറഞ്ഞു. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഇതിനകം ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗാണ് ദീപാവലി റിലീസായി എത്തിയ ചിത്രം കരസ്ഥമാക്കിയത്. തമിഴ്നാട്ടില്‍ മാത്രം ചിത്രം 100 കോടി ക്ലബില്‍ എത്തും എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.