ആദ്യ ചിത്രമായ കീർത്തിചക്ര മുതൽ ഒടുവിൽ പുറത്തിറങ്ങിയ 1971 ബിഹൈന്റ് ദ ബോർഡർ വരെ പട്ടാളക്കാരുടെ ജീവിതവും അനുഭവങ്ങളുമാണ് മേജർ രവി തന്റെ സിനിമയ്ക്ക് കഥാ പശ്ചാത്തലമാക്കിയിരുന്നത്. എന്നാൽ, അതിൽ നിന്നെല്ലാം മാറി സഞ്ചരിക്കുകയാണ് പുതിയ ചിത്രത്തിൽ അദ്ദേഹം. ഇത്തവണ പട്ടാള ചിത്രമായല്ല മേജർ രവി എത്തുന്നത്. കുടുംബകഥ പറയാനാണ് ഇനി സംവിധായകൻ മേജർ രവി എത്തുന്നത്.
ആക്ഷൻ കിങ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ആശ ശരത്തുമാണ് നായികാ നായകന്മാരായി എത്തുന്നത്. രണ്ടു ബാല്യകാല സുഹൃത്തുക്കൾ ഒരു ഫംഗ്ഷനിൽ വച്ച് മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും അവരുടെ ഓർമ്മകളിലേക്ക് തിരികെ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന് യാതൊരു തരത്തിലുമുള്ള മിലിട്ടറി പശ്ചാത്തലവും ഉണ്ടാകില്ലെന്ന് മേജർ രവി പറയുന്നു. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് മേജർ രവിയുടെ മകൻ അർജുൻ ആണ്. പാലക്കാടിന്റെ ഗ്രാമപ്രദേശങ്ങളിൽ പഴയകാല രംഗങ്ങളായിരിക്കും കൂടുതലും ചിത്രീകരിക്കുക.