ചെന്നൈ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ബലൂൺ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്ക് അടുത്ത് പതിച്ചു. രണ്ടാം റൺവേയ്ക്ക് സമീപമാണ് ബലൂൺ പതിച്ചത്. ബലൂൺ പറന്നുവരുന്നത് വാച്ച് ടവർ, സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടില്ല. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബലൂണാണു പറന്നെത്തിയത്. സുരക്ഷാവീഴ്‌ചയിൽ അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിനു ചുറ്റും മൂന്നു ലെയർ സുരക്ഷയുണ്ട്; വാച്ച് ടവറിൽ നിൽക്കുന്ന ഉദ്യോഗസ്ഥർ, വിമാനത്താവളത്തിനു ചുറ്റും വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ, നിരത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ. ബലൂൺ പറന്നുവരുന്നത് ഇവരുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. റൺവേയിൽ ആ സമയത്ത് വിമാനം വന്നിറങ്ങിയിരുന്നെങ്കിൽ വന്‍ അപകടം ഉണ്ടാകുമായിരുന്നു.
നെഹ്റു സ്റ്റേഡിയത്തിൽ ശക്തമായി ബന്ധിച്ചിരുന്ന ബലൂൺ എങ്ങനെയാണ് അഴിഞ്ഞുവന്നത് എന്നതു സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. അട്ടിമറി സാധ്യതയും അന്വേഷിക്കുന്നു. സുരക്ഷാ വീഴ്ചയിൽ വിമാനത്താവള അധികൃതർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.