പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് തിരക്ക് വർധിച്ചതോടെ പമ്പയില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്തരെ പമ്പ ഗണപതി കോവിലിനു സമീപം തടഞ്ഞിരിക്കുകയാണ്. നിലവില്‍ സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം തീര്‍ഥാടകര്‍ ഉണ്ടെന്നാണ് റിപ്പോർട്ട് . ഭക്തർ സന്നിധാനത്തുനിന്ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന മുറയ്ക്ക് മാത്രമേ പമ്പയില്‍ തടഞ്ഞുവച്ചിരിക്കുന്നവരെ കടത്തിവിടുകയുള്ളു.
തീര്‍ഥാടകര്‍ക്ക് വെയിലേൽക്കാതെയും മറ്റ് അസൗകര്യങ്ങള്‍ ഇല്ലാതെയും കാത്തുനില്‍ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ളവും ലഘുഭക്ഷണവുമടക്കം വിതരണം ചെയ്യുന്നുണ്ട്. മകരവിളക്ക് ദര്‍ശനത്തിനായി ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് ഇപ്പോള്‍ പമ്പയിലുള്ള ഭൂരിഭാഗംപേരും. മുന്‍വര്‍ഷങ്ങളിലും മകരവിളക്കിനോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു.
മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങളെല്ലാം പൊലീസ് ചെയ്തിട്ടുണ്ട് . ബന്ധപ്പെട്ട വകുപ്പുകളുമായി ചേ൪ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.