തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കു മരുന്ന് ഉപയോഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കങ്ങളിലേക്ക് സർക്കാർ കടക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളെടുക്കാനുള്ള നിയമ നിർമ്മാണത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇക്കാര്യം എക്സൈസ് മന്ത്രി കൂടിയായ എം ബി രാജേഷ് തന്നെ വ്യക്തമാക്കി. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റടക്കം നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ ഇതിന്‍റെ ആദ്യഘട്ടം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ പഴുതുകൾ അടച്ച നിയമം നിർമ്മിക്കാൻ സർക്കാർ ആലോചനയുണ്ടെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.