കോവിഡിന്റെ വരവോടെ റിവേഴ്സ് ഗിയറില്‍ ഓടുന്ന കെ.എസ്.ആര്.ടി.സിക്ക് ഊര്‍ജം പകര്‍ന്ന് മലപ്പുറം ഡിപ്പോ നവംബര്‍ 15ന് വരുമാന ലക്ഷ്യം മറികടന്നു. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡിപ്പോ ഈ നേട്ടം കൈവരിക്കുന്നത്. 7,18,879 രൂപയാണ് നാല് വര്‍ഷം മുമ്പ് നിശ്ചയിച്ച വരുമാന ലക്ഷ്യം. തിങ്കളാഴ്ച 7,34,434 രൂപയാണ് മലപ്പുറം ഡിപ്പോയുടെ സമ്ബാദ്യം. 11,057 യാത്രക്കാര്‍ യാത്ര ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലേക്കും മലക്കപ്പാറയിലേക്കുമുള്ള സര്‍വിസുകള്‍ പ്രധാന വരുമാന സ്രോതസ്സായി മാറിയിരിക്കുകയാണ്. സോണിനെ സംസ്ഥാന തലത്തില്‍ ഒന്നാമതാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മലപ്പുറം യൂനിറ്റിനെ വടക്കന്‍ മേഖല എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭിനന്ദിച്ചു.
“1,33,23,226 കോടി രൂപയാണ് നവംബര്‍ 15ന് നോര്‍ത്ത് സോണിന്റെ വരുമാനം. ഇതില്‍ 7,34,434 രൂപ മലപ്പുറം യൂനിറ്റിന്റെ വകയാണ്.
ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കൂട്ടായ്മയും ആത്മാര്‍ഥ പരിശ്രമവുമാണ് വരുമാന ലക്ഷ്യം കൈവരിച്ചതിന് പിന്നില്‍” -ജോഷി ജോണ്‍ (ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍)
മൂന്നാര്‍, മലക്കപ്പാറ സര്‍വിസുകള്‍ കോളടിച്ചു:
വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാറിലേക്കും മലക്കപ്പാറയിലേക്കും ഇൗയിടെ ആരംഭിച്ച സര്‍വിസുകളാണ് മലപ്പുറം ഡിപ്പോയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പിന്നില്‍. ഫുള്‍ ബുക്കിങ്ങോടെ വിജയകരമായി സര്‍വിസ് തുടരുകയാണ്. നിശ്ചിത ദിവസങ്ങളില്‍ പുലര്‍ച്ച നാലിന് മലക്കപ്പാറയിലേക്കും ഉച്ചക്ക് ഒന്നിന് മൂന്നാറിലേക്കും മലപ്പുറത്ത് നിന്ന് ബസുകള്‍ പുറപ്പെടുന്നു. ഡിസംബറില്‍ മൂന്നാര്‍ സര്‍വിസ് രാവിലെ 11നാക്കും. മൂന്നാറിലേക്ക് സൂപ്പര്‍ ഫാസ്റ്റ് (ടിക്കറ്റ് നിരക്ക് 1000 രൂപ), ഡീലക്സ് (1200), ലോ ഫ്ലോര്‍ (1500) ബസുകള്‍ അയക്കുന്നുണ്ട്. മലക്കപ്പാറയിലേക്ക് ഫാസ്റ്റ് ബസുകളാണ് പോവുന്നത്. ഇതിെന്റ ടിക്കറ്റ് നിരക്ക് 600 രൂപയാണ്. നവംബര്‍ 19ന് ഒരു സൂപ്പര്‍ ഫാസ്റ്റ്, 20ന് ഓരോ ലോ ഫ്ലോര്‍, ഡീലക്സ്, 21ന് സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് ഈ ആഴ്ചയിെല മൂന്നാര്‍ സര്‍വിസുകള്‍. 21ന് മലക്കപ്പാറയിലേക്കും ബസ് അയക്കുന്നുണ്ട്.
പഴയ കെട്ടിടങ്ങള്‍ പൊളിക്കല്‍ തുടരുന്നു:
കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കല്‍ തുടരുകയാണ്. ഗാര്‍ഡ് റൂമാണ് ഇപ്പോള്‍ പൊളിക്കുന്നത്. സ്റ്റേഷന് മാസ്റ്റര്‍ ഓഫിസും കാത്തിരിപ്പ് കേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടമുള്‍പ്പെടെ ബാക്കിയുണ്ട്. ഓഫിസ് ഇപ്പോള്‍ പുതിയ കെട്ടിടത്തിലെ താല്‍ക്കാലിക സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുവരെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിക്കാനുള്ള ലേലം അടുത്തയാഴ്ച നടക്കും. ബസ് സ്റ്റേഷന് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം ഇക്കൊല്ലം പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനൊപ്പം ഉണ്ടായിരുന്ന ഏക ശുചിമുറി കൂടി ഇല്ലാതാകും. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകാന്‍ ഇനിയും സമയമെടുക്കും. യാത്രക്കാര്‍ കൂടുതല്‍ എത്താന്‍ തുടങ്ങിയതോടെ പുതിയ ശുചിമുറി കൂടി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വരുന്നു, സ്കാനിയ ബസുകള്‍:
ജില്ലയില്‍ ആദ്യമായി മലപ്പുറം ഡിപ്പോക്ക് സ്കാനിയ ബസുകള്‍ എത്തുന്നു. രണ്ട് ബസുകളാണ് അനുവദിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ ഇതിലുണ്ടാവും. ഒന്ന് മൂന്നാറിലേക്ക് അയക്കാനാണ് നീക്കം. രണ്ടാമത്തേതിന്റെ കാര്യം പിന്നീടറിയാം. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഉടന്‍ ആരംഭിക്കും.