Spread the love

‘ഇത് സ്മൃതി സിങ്ങിന്റെ (ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ) ഇൻസ്റ്റഗ്രാം അക്കൗണ്ടല്ല. പ്രൊഫൈൽ വിശദാംശങ്ങളും ബയോയും പരിശോധിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. എല്ലാത്തിനും പരിധിയുണ്ട്.’

മലയാള നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണിത്. സിയാച്ചിൻ തീപ്പിടിത്തത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ്റെ ജീവിത പങ്കാളി സ്മൃതി സിങ്ങെന്ന് തെറ്റിദ്ധരിച്ച് തന്റെ ചിത്രങ്ങൾ പലരും വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും വിഷയത്തിൽ  താൻ നിയമനടപടിക്കൊരുങ്ങുമെന്നും വ്യക്തമാക്കിയായിരുന്നു രേഷ്മയുടെ പ്രതികരണം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സെെബർ ആക്രമണം നടക്കുന്നുണ്ട്. സ്മൃതിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കേസുടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രേഷ്മയുടെ സോഷ്യൽ മീഡിയ വാളുകളിലും വിദ്വേഷ കമന്റുകൾ നിറഞ്ഞത്.

2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയിൽ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗിക ബഹുമതികളോടെയും ഉത്തർപ്രദേശിലെ ഭഗൽപുരിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചിരുന്നു.

എന്നാൽ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ സ്മൃതി സിങ് തങ്ങളുടെ വീട് വിട്ടുപോയെന്നും മകൻ്റെ മരണശേഷം ഇപ്പോൾ മിക്ക അവകാശങ്ങളും അവർക്കാണ് ലഭിക്കുന്നതെന്നും മാതാപിതാക്കളായ രവി പ്രതാപ് സിംങ്ങും ഭാര്യ മഞ്ജു സിംങ്ങും ആരോപിച്ചിരുന്നു. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന മകൻ്റെ ഫോട്ടോ മാത്രമാണ് തങ്ങളുടെ പക്കൽ അവശേഷിക്കുന്നതെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞിരുന്നു. അതിനാൽ സൈനികൻ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ എൻഒകെ നയത്തിൽ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സ്മൃതി സിങ്ങിനെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായത്.

Leave a Reply