Spread the love

പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാണ്മ എന്ന പേരിൽ മലയാളം മിഷൻ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം ഭാഷയും വികസിക്കണമെങ്കിൽ ഭാഷാ സൗഹൃദപരമായ സോഫ്ട്‍വെയറുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയ്ക്കു മേൽക്കൈയുള്ള സമൂഹത്തിൽ ഭാഷയ്ക്കു നിലനിൽക്കാൻ ഇത്തരം നവീന ആശയങ്ങൾ പ്രാവർത്തികമാക്കണം. സാങ്കേതിക വിദ്യയുടെ പ്രാദേശികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്ട്രോണിക്സ്- വിവര സാങ്കേതിക വകുപ്പ് ആറു സോഫ്ട്‍വെയറുകൾ പുറത്തിറക്കിയത് ഇതിന്റെ ഭാഗമായാണ്.

ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി.എസ്.സി. പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്. കെ.എ.എസ്. പ്രവേശനത്തിൽ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തിൽന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്ത് മലയാളിയുള്ള എല്ലായിടത്തും മലയാള ഭാഷയുടെ പ്രചാരണം നടപ്പാക്കുക എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Leave a Reply