ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിനെ പ്രശംസിച്ച് നടൻ സൂര്യ. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി കേട്ടു. എല്ലാവരും സിനിമ പോയി കാണണം എന്നാണ് സൂര്യ പറഞ്ഞത്. കങ്കുവ’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് നടൻ ദുൽഖർ സിനിമയെക്കുറിച്ച് സംസാരിച്ചത്. ‘എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കർ ഗംഭീരമായി പോകുന്നു എന്ന് അറിഞ്ഞു. സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം,’ സൂര്യ പറഞ്ഞു.
ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാളം സിനിമ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇവിടെ വന്ന് സംസാരിക്കുന്നത് കൊണ്ട് കൂടുതലാക്കി പറയുകയാണെന്ന് വിചാരിക്കരുത്, ഇന്ത്യൻ സിനിമയ്ക്ക് തന്നെ റോൾ മോഡലാണ് മലയാളം സിനിമ’ എന്നായിരുന്നു സൂര്യ പറഞ്ഞത്.
അതേസമയം നവംബർ പതിനാലിനാണ് സൂര്യയുടെ കങ്കുവ റിലീസ് ചെയ്യുന്നത്. കൊച്ചിയിൽ ചൊവ്വാഴ്ചയെത്തിയ സൂര്യ വൈകീട്ട് ലുലുമാളിൽ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാവിലെ കൊച്ചിയിൽ എത്തിയ സൂര്യയെ സ്വീകരിക്കാൻ നൂറ് കണക്കിന് പേരായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.ആരാധകരുടെ ആർപ്പുവിളികൾക്കിടയിലൂടെ നടൻ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. ലിയോ പോലെ കേരളത്തിലെ പരമാവധി സ്‌ക്രീനുകളിൽ കങ്കുവ എത്തിക്കാനാണ് ശ്രമമെന്ന് ഗോകുലം മൂവീസ് അറിയിച്ചിരുന്നു.