മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുന്നു. മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ മാണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെ താരത്തിന്റെ കയ്യിലുണ്ടല്ലോ!
ഓട്ടോറിക്ഷക്കാരനായും കലാഭവനിലൂടെ മിമിക്രി രംഗത്തും ജീവിതം എത്തിച്ച മണി തന്റെ സ്വതസിദ്ധമായ നർമത്തിൽ കലർത്തിയ വേഷങ്ങളിലൂടെയും, ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകർക്ക് ഒക്കെയും പ്രിയങ്കരനായി മാറുകയായിരുന്നു. മിമിക്രിയിലൂടെ മലയാള സിനിമാരങ്ങേറ്റം കുറിച്ച താരത്തിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ തേടിയെത്തുകയായിരുന്നു.
വൈകാതെ വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. പിന്നീടങ്ങോട്ട് ഒരു നടൻ എന്ന തരത്തിലുള്ള താരത്തിന്റെ വളർച്ച സിനിമ രംഗത്തേ കഴിവും അർപ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കിൽ ഏത് ഉയരവും എത്തിപിടിക്കാമെന്ന് കാണിച്ചു തരുന്നതായിരുന്നു.
ഒരു കോമഡി നടൻ എന്ന നിലയിൽ നിന്നും ദേശീയ സംസ്ഥാന അവാർഡുകൾ വാങ്ങുന്ന താരത്തിലേക്ക് മണി വളർന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂർത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരൻ ചെങ്ങാതി വിടവാങ്ങിയത്.