ഓണം റിലീസായെത്തിയ ആസിഫ് അലിയുടെ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് വലിയ കയ്യടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പുതുമയുള്ള പ്രമേയത്തിനും, സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഇതിനോടകം തന്നെ വലിയ പ്രേക്ഷക പ്രശംസയും കിട്ടിക്കഴിഞ്ഞു. ചിത്രത്തിലെ അഭിനയ മികവിന് നടൻ ആഷിക് ആസിഫ് അലിക്കും വലിയ അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് സംവിധായകനും നടനുമായ അനൂപ് മേനോൻ ചിത്രത്തെക്കുറിച്ച് നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നത്. അനൂപ് മേനോൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, ഛായാഗ്രഹണം തുടങ്ങി സർവ മേഖലകളിലും സിനിമ മികവ് പുലർത്തിയതായി ചൂണ്ടിക്കാട്ടുന്നു.
‘എല്ലായിടത്തും മിഴിവോടെ എഴുതിയ ഒരു സിനിമ. ഏറ്റവും മികച്ച സിനിമ. പരസ്പരം മത്സരിക്കുന്ന തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും. ബാഹുലിനും ദിൻജിത്തിനും മലയാള സിനിമയുടെ ഭാവിയിലേക്ക് സ്വാഗതം.. ഒപ്പം പ്രിയപ്പെട്ട ആസിഫ്, ലെവൽ ക്രോസിനും തലവനും അഡിയോസ് അമിഗോയ്ക്കും കിഷ്‌കിന്ധാകാണ്ഡത്തിനും ശേഷം ഇന്ന് നമുക്കുള്ളതിൽ വെച്ച് ഏറ്റവും ബാങ്കബിളായ നടൻ എന്ന നിലയിൽ നിങ്ങൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. വിജയരാഘവൻ ചേട്ടൻ ഒരു കഥാപാത്രത്തിന്റെസൂക്ഷ്മതകൾ അസൂയാവഹമായാണ് ചെയ്തിരിക്കുന്നത്. അപർണ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ജഗദീഷേട്ടനും അശോകേട്ടനും മികവ് പുലർത്തി. അവസാനമായി, ജോബി അണ്ണാ എങ്ങനെയാണ് എല്ലാ തവണയും സ്വർണ്ണം തന്നെ അടിക്കാൻ കഴിയുന്നത്?’ അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.