ജയ്പുർ:മൂന്ന് വർഷം മുമ്പ് രാജസ്ഥാനിലെ ജയ്സൽമേറിൽ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കണ്ണൂർ സ്വദേശിയും ബെംഗളൂരു ആർ.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോൻ(34) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവമാണ് രാജസ്ഥാൻ പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസിൽ അസ്ബഖിന്റെ രണ്ട് സുഹൃത്തുക്കളെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. സഞ്ജയ്, വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.
അസ്ബഖിന്റെ ഭാര്യ സുമേറ പർവേസും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 2018 ഓഗസ്റ്റിലാണ് ജയ്സൽമേറിലെ മോട്ടോർ റാലിക്കിടെ അബ്സഖ് മോനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിശീലനത്തിനിടെ വഴിതെറ്റി മരുഭൂമിയിൽ ഒറ്റപ്പെട്ട് നിർജലീകരണം കാരണം മരണം സംഭവിച്ചെന്നായിരുന്നു നിഗമനം. മരണത്തിൽ സംശയമില്ലെന്ന് സംഭവദിവസം ജയ്സൽമേറിലുണ്ടായിരുന്ന ഭാര്യ സുമേറ പർവേസും പോലീസിനോട് പറഞ്ഞു. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഭാര്യ സുമേറ പർവേസ്, സുഹൃത്തുക്കളായ സഞ്ജയ്, വിശ്വാസ്, നീരജ്, സാബിഖ്, സന്തോഷ് എന്നിവർക്കൊപ്പമാണ് അസ്ബഖ് ജയ്സൽമേറിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. 2018 ഓഗസ്റ്റ് 15-ാം തീയതി ഇവരെല്ലാം ഒരുമിച്ചാണ് റേസിങ് ട്രാക്ക് കാണാൻപോയത്. പിറ്റേദിവസം ബൈക്കുകളിൽ ഇവർ പരിശീലനം നടത്തുകയും ചെയ്തു. എന്നാൽ മറ്റുള്ളവരെല്ലാം തിരിച്ചെത്തിയിട്ടും അസ്ബഖ് മോൻ മാത്രം തിരികെവന്നില്ല. തുടർന്നാണ് വിജനമായ സ്ഥലത്ത് അസ്ബഖിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അസ്ബഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാവും സഹോദരനും പിന്നീട് പോലീസിന് പരാതി നൽകി. മരണം കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതോടെ പോലീസ് വീണ്ടും അന്വേഷണം ആരംഭിക്കുകയും സ്വാഭാവികമരണമെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്ബഖിന്റെ പുറംഭാഗത്ത് വലിയ പരിക്കേറ്റതായി വ്യക്തമാക്കിയിരുന്നു. ഭാര്യയും മറ്റും സംശയങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ അന്ന് ഇതേക്കുറിച്ചൊന്നും അന്വേഷണം നടത്തിയില്ല. അടുത്തിടെ പുനരന്വേഷണം ആരംഭിച്ചതോടെ ഇക്കാര്യങ്ങളെല്ലാം പോലീസ് പരിശോധിച്ചിരുന്നു.
അസ്ബഖിന്റെ മരണത്തിൽ ഭാര്യയുടെയും സുഹൃത്ത് സഞ്ജയുടെയും പങ്കിനെക്കുറിച്ച് തുടക്കംമുതലേ സംശയമുണ്ടായിരുന്നതായാണ് ജയ്സൽമേർ എസ്.പി. അജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. വിശദമായ അന്വേഷണത്തിൽ റേസിങ് താരം കൊല്ലപ്പെട്ടതാണെന്നും ഭാര്യയും സുഹൃത്തുക്കളുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി.
ബെംഗളൂരുവിൽ താമസം ആരംഭിക്കുന്നതിന് മുമ്പ് അസ്ബഖും കുടുംബവും ദുബായിലായിരുന്നു. ഭാര്യയും അസ്ബഖ് മോനും തമ്മിൽ പലകാര്യങ്ങളെച്ചൊല്ലിയും തർക്കം നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. അസ്ബഖ് മരിച്ച സ്ഥലത്ത് ആദ്യമെത്തിയത് സുഹൃത്തായ സഞ്ജയ് ആയിരുന്നു. അസ്ബഖിന്റെ മൊബൈൽ ഫോണും മറ്റു സാധനങ്ങളും ഇയാൾ കൈക്കലാക്കുകയും ചെയ്തു.
മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ സഞ്ജയ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ പ്രതികൾ ഒളിവിൽപോയി. തുടർന്ന് കേരളത്തിലും ബെംഗളൂരുവിലും രാജസ്ഥാൻ പോലീസ് സംഘം ഊർജിതമായ തിരച്ചിൽ നടത്തി. ഇതിനിടെയാണ് ബെംഗളൂരുവിൽനിന്ന് സഞ്ജയ്, വിശ്വാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജയ്സൽമേറിൽ എത്തിച്ച ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ്.