നെടുമ്പാശേരി ∙ എയർ ഇന്ത്യയുടെ ലണ്ടൻ – കൊച്ചി വിമാനത്തിൽ മലയാളി യുവതിക്കു സുഖപ്രസവം. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് ആണ് വിമാനത്തിൽ പ്രസവിച്ചത്. 7 മാസം ഗർഭകാലത്തിലാണ് പ്രസവം. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലാക്കാൻ വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു തിരിച്ചുവിട്ടു.
ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നു ഇന്ത്യൻ സമയം രാത്രി 7 മണിയോടെ പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണു സംഭവം. യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോ കാബിൻ ജീവനക്കാരെ വിവരമറിയിച്ചു. തുടർന്നു വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരും കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. ഗാലി താൽക്കാലിക പ്രസവമുറിയാക്കി. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്.
യുവതിക്കും കുഞ്ഞിനും മെഡിക്കൽ സഹായം അത്യാവശ്യമാണെന്നു ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് വിമാനം ഏറ്റവുമടുത്ത ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലേക്കു തിരിച്ചു വിടുകയായിരുന്നു. എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സഹായം ഉറപ്പാക്കിയിരുന്നു. ഇറങ്ങിയ ഉടൻ യുവതിയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
പുലർച്ചെ ഫ്രാങ്ക്ഫർട്ടിൽ നിന്നു പുറപ്പെട്ട വിമാനം 6 മണിക്കൂർ വൈകിയാണു കൊച്ചിയിലെത്തിയത്.