ന്യൂഡൽഹി : യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ 4 മലയാളി യുവതികളെയും മടക്കി കൊണ്ടുവരുന്നതിൽ കേന്ദ്ര ഏജൻസികൾ എതിർപ്പ് പ്രകടിപ്പിച്ചു.
തിരികെ കൊണ്ടുപോകാൻ അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകില്ല എന്നാണ് സൂചനകൾ.ദേശീയ അന്വേഷണ ഏജൻസി,തടവിൽ കഴിയുന്ന യുവതികളെ നേരിൽ കണ്ടിരുന്നു. തീവ്ര ആശയങ്ങൾ അവർ ഇപ്പോഴും തുടരുന്നുവെന്ന ബോധ്യമാണ് തിരികെ കൊണ്ടുവരാതിരിക്കാൻ കാരണമെ ന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇവരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ നാടുകളിലേക്ക് എത്തിക്കേണ്ട എന്ന നിലപാട് നേരത്തെ ബ്രിട്ടനും, ഫ്രാൻസും സ്വീകരിച്ചിരുന്നു.ഇതേ നിലപാട് തന്നെ ഇന്ത്യയും പിന്തുടരുമെന്നാണ് സൂചനകൾ.ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ,റാഫീല,മെറിൻ ജേക്കബ് എന്ന മറിയം,നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത്.ഭീകരസംഘടനയായ ഐഎസ്കെപിയിൽ ചേരാൻ നാലുപേരുടെയും ഭർത്താക്കന്മാർ
അഫ്ഗാനിസ്ഥാനിലേക്ക് കടന്നപ്പോൾ കൂടെ ഇവരും കൂടുകയായിരുന്നു.
എന്നാൽ,ഇവർ 2019 നവംബറിൽ അഫ്ഗാൻ അധികൃതർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. 2013 നും 2018 നും ഇടയിൽ ഐഎസിൽ
ചേരാനായി സിറിയയിലേക്കും,ഇറാഖിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 55,808 പുരുഷന്മാരുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോർട്ട്.ഇവരിൽ പലരും യുദ്ധത്തിൽ കൊല്ലപ്പെട്ടു.ഇവരുടെ വിധവകളായ ഭാര്യമാർ ജയിലിലും. ഇവരെ തിരികെ സ്വീകരിക്കാൻ ഒരു രാജ്യങ്ങളും തയ്യാറായിട്ടില്ല.