Spread the love

തൊഴിൽ തട്ടിപ്പിനിരയായ യുവാക്കൾക്ക് സഹായ വാഗ്ധാനവുമായി മലയാളിയുടെ കമ്പനി; ജോലി നൽകുമെന്ന് ഉറപ്പ്.


അജ്മാൻ : യുഎഇയിൽ വെബ് സൈറ്റ് വഴി നടത്തിയ തൊഴിൽ തട്ടിപ്പിൽപ്പെട്ട മലയാളികളടക്കമുള്ള യുവാക്കൾക്ക് സഹായഹസ്തവുമായി മലയാളിയുടെ കമ്പനി. അജ്മാന്‍ ലക്കി റൗണ്ടെബൗട്ടിനടുത്തെ ചെറിയ ഫ്ലാറ്റിൽ ദുരിതത്തിൽ കഴിയുന്ന ആറ് മലയാളികളടക്കം 75 പേർക്കാണ് കണ്ണൂർ അഴീക്കോട് സ്വദേശി ലസിത് കായക്കൽ മാനേജിങ് ഡയറക്ടറായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിഫന്‍ഡർ സെക്യുരിറ്റി സർവീസസ് ജോലി വാഗ്ദാനം ചെയ്തത്. ഇന്ന് അജ്മാനിൽ ഇവരെ സന്ദർശിച്ച ലസിത് ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, വെബ് സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ ഏഷ്യക്കാർക്കെതിരെ പൊലീസിലും ലേബർ കോടതിയിലും നൽകിയ പരാതിയുമായി മുന്നോട്ടുപോകുമെന്ന് തട്ടിപ്പിനിരയായവരിൽ ഒരാളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മനു പറഞ്ഞു.
കോവിഡ്19 കാല പ്രതിസന്ധി മുതലെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ഏഷ്യൻ സംഘം മുങ്ങുകയായിരുന്നു.സാമൂഹിക പ്രവർത്തകരായ ഷാഫി കാഞ്ഞിരമുക്ക്, അൻവർ അഹമദ് കോളിയടുക്കം, റാഫി പാലക്കോട്ടൽ, ഉണ്ണി പുന്നറ, ഡോ.അശ്വതി, ജാവേദ്  എന്നിവർ ഇവര്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ചു. 
പ്രത്യേക വെബ് സൈറ്റ് ഒരുക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവിധ വിഭാഗങ്ങളിലുള്ള ജോലിയായിരുന്നു തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്.
യുഎഇയിലെ ഒരു സെക്യുരിറ്റി കമ്പനിയുടെ പേരിൽ കൊമേഴ്സ്യൽ, റസിഡൻഷ്യൽ സെക്യുരിറ്റി, വിഐപി പ്രൊട്ടക്ഷൻ, സർവീല്യൻസ് മോണിറ്ററിങ്, ജനറൽ ഗ്വാർഡിങ്, ട്രാഫിക് മാനേജ്മെന്റ് പൊസിഷൻ, ബൗൺസേഴ്സ്, പേഴ്സനൽ ഗ്വാർഡ്സ് വിഭാഗങ്ങളിലേയ്ക്കാണ് വെബ് സൈറ്റിലൂടെ ഉദ്യോഗാർഥികളെ ക്ഷണിച്ചത്.മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, നൈജീരിയ എന്നീ രാജ്യക്കാരുമടക്കം നൂറുകണക്കിന് പേർ ഇതു കണ്ട് അപേക്ഷിക്കുകയും തട്ടിപ്പിനിരയാകുകയും ചെയ്തു. നിത്യച്ചെലവിന് വകയില്ലാത്തതിനാൽ പട്ടിണിയിലുമാണ്.  ഈ പ്രശ്നം പരിഹരിച്ച് തന്റെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരുടെ ജോലിയാണ് ലസിത് നൽകുക. ‌ആറ്റിങ്ങൽ സ്വദേശി ഷൈൻ, വർക്കല സ്വദേശി ഷിബു, കോഴിക്കോട് താമരശ്ശേരി സ്വദേശി അജയ് അലക്സ്, തൃശൂർ കുന്നംകുളം സ്വദേശി ഷഫീർ ഖാൻ, മലപ്പുറം സ്വദേശി സുബൈർ എന്നിവരാണ് അജ്മാനിൽ ദുരിതത്തിൽ കഴിയുന്ന മറ്റു മലയാളികൾ. ഇവരെല്ലാം പ്ലസ് ടു മുതൽ ബിരുദം വരെ വിദ്യാഭ്യാസമുള്ളവരാണ്. അജയ് അലക്സ് സിവിൽ ഡ്രാഫ്റ്റ്സ്മാനുമാണ്.  
യുവാക്കളെ യുഎഇയിൽ എത്തിച്ച കമ്പനിക്ക് ലൈസൻസ് ഉണ്ടെന്നും എന്നാൽ ഉടമകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply