
ദില്ലി: പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച അഞ്ചു സൈനികരിൽ ഒരു മലയാളിയും. എച്ച്. വൈശാഖ് എന്ന സൈനികനാണ് വീരമൃത്യു മരിച്ചത്. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയാണ്.
പൂഞ്ചിലെ വനമേഖലയിൽ നാല് ഭീകരർ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്.
ഏറ്റുമുട്ടലിനിടെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ സുബേദാർ ജസ്വീന്തർ സിംഗ്, വൈശാഖ് എച്ച്, സരാജ് സിംഗ്, ഗജ്ജൻ സിംഗ്, മന്ദീപ് സിംഗ് എന്നിവർ വീരമൃത്യു വരിച്ചു. പീർപഞ്ചാൾ മേഖലയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഈ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞിരിക്കുകയാണ്.