2010 ജൂലൈ 16ന് ഒരു വെള്ളിയാഴ്ച ദിവസം വെള്ളിത്തിരയിലൂടെ അയാൾ മലയാളി പ്രേക്ഷകർക്ക് ഒപ്പം കൂടി, മലർവാടിയിലെ പ്രകാശനായി. പിന്നീട് എല്ലാ കൂട്ടുകാർക്കും കൂട്ടുകാരനായി. വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ കണ്ടെത്തി മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ പോളി. മലയാള സിനിമയുടെ സ്വന്തം നിവിൻ പോളിക്ക് ഇന്ന് 41ാം പിറന്നാൾ.
ട്രാഫിക്കിലെ കാമിയോ റോളും മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളും ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ കരിയർഗ്രാഫ് മെല്ലെ ഉയർത്തി. മലർവാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നിവിന്റെ മറ്റൊരു ജനപ്രിയ ചിത്രമായി 2012ലെ തട്ടത്തിൻ മറയത്ത്. പരിചിതനായ സംവിധായകന്റെ, അതിലുപരി ഒരു സുഹൃത്തിന്റെ കരവിരുതിൽ മലയാളികൾക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു റൊമാന്റിക് കോമഡി ചിത്രവും അതിലേറെ ജനപ്രീതി നേടിയ ഒരു നായകനെയുമാണ്.
പിന്നീട് ഭൂപടത്തിലില്ലാത്ത ഒരിടം, പുതിയ തീരങ്ങൾ, ചാപ്റ്റേഴ്സ്, ഡാ തടിയാ തുടങ്ങി വ്യത്യസ്ത ജോണറിലുള്ള ചിത്രങ്ങൾ. 2013ൽ വീണ്ടും മികച്ച കരിയർ ഹിറ്റായ ‘നേര’വുമായി അയാൾ മലയാള സിനിമയുടെ യുവ താരനിരയുടെ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ചെയ്ത കഥാപാത്രങ്ങളിലെല്ലാം അയാളിൽ പ്രേഷകർ കണ്ടെത്തിയത് അവരെ തന്നെയായിരുന്നു. 1983ൽ ക്രിക്കറ്റ് ജീവവായുവായ രമേശൻ പണ്ടെങ്ങോ നമ്മൾ കളിച്ചു നടന്ന കണ്ടം ക്രിക്കറ്റിൽ ഒപ്പം ഉണ്ടായിരുന്ന ഒരാളായിരുന്നു. ഓം ശാന്തി ഓശാനയിലെ കലിപ്പൻ ഗിരിയും ബാംഗ്ലൂർ ഡേയ്സിലെ നാടും നാട്ടുകാരെയും ഇഷ്ടപ്പെടുന്ന കുട്ടേട്ടനും മലയാളിക്ക് അന്യമായിരുന്നില്ല.
പ്രേമത്തിലെ ജോർജ് ഡേവിഡിന്റെ ജീവിതയാത്ര ആഘോഷിച്ച പോലെ മലയാളികൾ ആരെയും ഇത്രയേറെ നെഞ്ചിലേറ്റിയിട്ടില്ല. ആക്ഷൻ ഹീറോ ബിജുവിൽ കണ്ടത് യഥാർഥ പൊലീസുകാരുടെ ജീവിതം തന്നെ എന്ന് പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. പിന്നെയും പിന്നെയും അഭിനയിച്ച കഥാപാത്രങ്ങളിലുടനീളം സമൂഹത്തിന്റെ വിവിധ തലങ്ങളെ അയാൾ അനുസ്മരിപ്പിച്ചു. ഹേയ് ജൂഡിൽ ഓട്ടിസം സ്പെക്ട്രം ഡിസോഡർ എന്ന വിഷയം അവതരിപ്പിച്ചപ്പോൾ മൂത്തോനിൽ ശക്തമായ രാഷ്ട്രീയം പറഞ്ഞു.
പിന്നീടെപ്പോഴോ ആ കണക്ഷൻ പ്രേഷകർക്ക് നഷ്ടപ്പെട്ടു. എങ്കിലും ഓരോ സിനിമകളിലും അയാളുടെ തിരിച്ചുവരവ് മലയാളികൾ ആഗ്രഹിച്ചു. വർഷങ്ങൾക്ക് ശേഷം സെൽഫ് ട്രോൾ ചെയ്ത് അവതരിപ്പിച്ചപ്പോൾ പഴയ നിവിൻ പോളിയെ വീണ്ടും കണ്ടെത്തിയ സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. ഇക്കുറി വമ്പൻ തിരിച്ചുവരവാണ് താരം ഉറപ്പ് നൽകുന്നത്.
ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന അഖിൽ സത്യൻ ചിത്രം “സർവം മായ”, പ്രേമലു ടീമിന്റെ റൊമാന്റിക് കോമഡിയായ ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’, അരുൺ വർമ്മ ഒരുക്കുന്ന ത്രില്ലർ ചിത്രം ബേബി ഗേൾ, റാമിന്റെ “യേഴു കടൽ യേഴു മലൈ, “ഫാർമ” എന്ന ത്രില്ലിംഗ് മെഡിക്കൽ ഡ്രാമ വെബ് സീരീസ്, പാൻ-ഇന്ത്യൻ സൂപ്പർഹീറോ ചിത്രമായ ‘മൾട്ടിവേഴ്സ് മന്മഥൻ’, നയൻതാര അഭിനയിച്ച ‘ഡിയർ സ്റ്റുഡന്റ്സ്’ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
2026 ൽ തമിഴ് ചിത്രമായ ബെൻസിൽ “വാൾട്ടർ” എന്ന വില്ലൻ വേഷം ചെയ്ത് കൊണ്ട് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കും നിവിൻ പോളി പ്രവേശിക്കും. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്.










