Spread the love

മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ചിലതായ ഓണം-വിഷുക്കാലത്ത് പുറം നാട്ടുകാർ അറിയാൻ പാടില്ലാത്ത മലയാളത്തിൽ നമുക്കായി നേരുന്ന ആശംസകൾ ഒക്കെയും പലപ്പോഴും വൈറലാവാറുണ്ട്. സെലിബ്രിറ്റികളുടേതടക്കമുള്ള മിക്കതും ഹൃദയപൂർവം മലയാളികൾ ഏറ്റെടുക്കുമ്പോൾ ചിലതൊക്കെ വലിയ ട്രോളുകൾക്കും കളിയാക്കലുകൾക്കും പാത്രമാകാറുമുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു മലയാളികൾക്ക് പണ്ട് ഓണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേർന്ന ‘എല്ലാവർക്കും ഓണസമൂസകളും’, മറ്റാരോ നേർന്ന ‘വിഷാശംസകളുമെല്ലാം’. സമാനമായി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ വെറുമൊരു ഓണാശംസ നേർന്നതിന്റെ പേരിലിപ്പോൾ എയറിൽ പോയിരിക്കുകയാണ്.

ആഘോഷം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഓണാശംസയുമായി സൂപ്പര്‍താരം എത്തിയത് എന്നതാണ് വൻ തോതിൽ ട്രോളുകൾ എത്തിയതിനു പിന്നിലെ മൂല കാരണം. കസവ് മുണ്ടും ഷര്‍ട്ടും പൊന്നാടയും ധരിച്ച ചിത്രത്തിനൊപ്പം മലയാളത്തിൽ താരം ആശംസ നേർന്ന് പങ്കുവെച്ച ചിത്രത്തിന് താഴെ . ‘ഓണം ഒക്കെ കഴിഞ്ഞു, പോയി അടുത്ത വര്‍ഷം വാ’, എന്നാണ് മലയാളികൾ കളിയാക്കി വിടുന്നത്. താരത്തിന്റെ പോസ്റ്റ് കണ്ടു ഓണം ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വിചാരിച്ച് മറുനാട്ടുകാരും ആശംസാ പ്രവാഹവുമായി എത്തിയതോടെ അക്ഷരാർത്ഥത്തിൽ മലയാളികൾക്ക് ഇടപെടേണ്ടി വന്നു എന്ന് തന്നെ പറയാം. ‘ഇത്ര പെട്ടെന്ന് തന്നെ വേണോ, ഇനിയും ഒരുവര്‍ഷം കൂടിയുണ്ട് ഓണത്തിന്’ എന്ന് ചിലർ പരിഹസിച്ചപ്പോൾ ‘കഴിഞ്ഞ വര്‍ഷം ഓണം സെപ്റ്റംബര്‍ 14-ന് ആയിരുന്നെന്ന് കരുതി എല്ലാ വർഷവും അതേ തീയതിയില്‍ ആവില്ലെ’ന്ന് മറ്റുചിലർ സംയമനത്തോടെ കമന്റ് ചെയ്യുന്നുണ്ട്.

എന്തായാലും തെറ്റു മനസിലായതോടെ നടനും സോഷ്യൽ മീഡിയ ടീമും ഖേദപ്രകടനവും വിശദീകരണവുമായി എത്തിയിട്ടുണ്ട്. ‘ഓണം കഴിഞ്ഞുപോയി, എന്റെ സോഷ്യല്‍ മീഡിയ ഏജന്റിന് തെറ്റുപറ്റി എന്നൊക്കെ നിങ്ങള്‍ കമന്റ് ചെയ്തിരിക്കാം. പക്ഷേ, ആഘോഷം എപ്പോഴും ആഘോഷം തന്നെയാണ്. അതിന്റെ ചൈതന്യത്തിനും പവിത്രതയ്ക്കും ഒരിക്കലും കാലപ്പഴക്കം സംഭവിക്കില്ല. പിന്നെ, ഞാന്‍ തന്നെയാണ് എന്റെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എനിക്ക് അതിന് പ്രത്യേകം ഏജന്റ് ഇല്ല. ഞാന്‍ ക്ഷമ ചോദിക്കുന്നു’- എന്നായിരുന്നു വിശദീകരണം.

Leave a Reply