കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കിക്കൊണ്ട് മലയാളികൾക്ക് ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം വാങ്ങിയും നൽകിയും പടക്കം പൊട്ടിച്ചും നാടെങ്ങും ഉത്സവ ലഹരിയിലാണ്. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും നിറഞ്ഞു കത്തുന്ന നിലവിളക്കും സമൃദ്ധിയുടെ പ്രതീക്ഷ പകരുന്ന ഒന്നാണ്.
മേട മാസത്തിലെ വിഷുക്കണിയുടെ സൗഭാഗ്യം വർഷം മുഴുവൻ നിലനിക്കുമെന്നാണ് വിശ്വാസം. കോടിമുണ്ടും, അഷ്ടമംഗല്യവും വാൽക്കണ്ണാടിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ്. കണി കണ്ടുകഴിഞ്ഞാൽ പിന്നെ അടുത്ത ചടങ്ങാണ് കൈനീട്ടം നൽകുക എന്നത്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്
ഒട്ടുരുളിയില്‍ നിറച്ചുവച്ച പഴങ്ങളും പച്ചക്കറികളും, കത്തിച്ചുവെച്ച നിലവിളക്കും, കണിവെള്ളരി, കണിക്കൊന്ന,കോടിമുണ്ട്, കൈനീട്ടം തുടങ്ങി തനതായ ശൈലിയിൽ തന്നെ ഇത്തവണയും മലയാളികൾ വിഷു ആഘോഷിക്കുകയാണ്. വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വര്ഷം മുഴുവൻ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം. കർഷകർക്ക് അടുത്ത വിളവെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ കാലം കൂടിയാണ്.