തങ്ങളുടെ ഇഷ്ട താരങ്ങൾ സ്ക്രീനിൽ കാണുന്നതുപോലെ തന്നെ യഥാർത്ഥ ജീവിതത്തിലും തങ്ങളോട് പെരുമാറണമെന്ന വാശിയുള്ള കൂട്ടരാണ് മലയാളികൾ. സ്നേഹിച്ചാൽ മലയാളികൾ ഹൃദയം പറിച്ചു നൽകും അതേസമയം തങ്ങൾ കൊടുക്കുന്ന ആരാധനയ്ക്കും സ്നേഹത്തിനും ഇതേ അളവിൽ തന്നെ താരങ്ങൾ തിരിച്ചും പ്രതികരിക്കണമെന്ന നിർബന്ധ ബുദ്ധിയും മലയാളിക്കുണ്ട്. ഈ സ്നേഹത്തിൽ ഒരല്പം അങ്ങോട്ടൊ ഇങ്ങോട്ടോ ആയാൽ തെറ്റും മലയാളി. ഇത്തരത്തിൽ ഒരു അനുഭവമാണ് യുവതാരം നസ്ലിന് സംഭവിച്ചിരിക്കുന്നത്.
താരത്തിന്റേതായി ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വിഷു റിലീസ് ചിത്രം ആലപ്പുഴ ജിംഖാനയുടെ വിജയാഘോഷങ്ങൾക്കിടയിൽ ആയിരുന്നു വിവാദ സംഭവം. ആരാധകരിൽ ഒരാൾ നസ്‌ലെന്‍റെ തോളിൽ സ്വന്തം ഇഷ്ടപ്രകാരം കൈയ്യിട്ട് സെൽഫി എടുക്കുകയായിരുന്നു. പിന്നാലെ അസ്വസ്ഥനായ നസ്ലിൻ ‘ടാ വിടടാ വിടടാ’ എന്നും പറഞ്ഞ് ആ കൈ എടുത്ത് മാറ്റുന്നതും കാണാം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി പേരാണ് നടനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘ താരമായില്ലല്ലോ അതിനു മുന്നേ ജാഡ തുടങ്ങിയോ?’, ‘നിന്നെ കൊമ്പത്ത് കയറ്റിയ ആരാധകർക്ക് താഴെ ഇടാനും അധികം സമയം വേണ്ട’,’ ഇവന് ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ’, ‘ സിനിമാ വിജയങ്ങൾ തുടരെ കിട്ടിയതോടെ ജാടയും തുടങ്ങി’ തുടങ്ങി നിരവധി മോശം കമന്റുകളാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.