ഉദ്വേഗം നിറച്ച് മാലിക് ട്രയിലർ; ഫഹദ് ചിത്രം 15ന് ആമസോൺ പ്രൈമിലെത്തും
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ മാലിക്.
ഈ മാസം 15ന് ആമസോൺ പ്രൈമിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ
ഒഫീഷ്യൽ ട്രെയിലർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഫഹദ് ഫാസിലിന്‍റെ മേക്ക് ഓവർ തന്നെയാണ്
പ്രധാന ആകർഷണം.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സുലൈമാൻ മാലിക്
എന്നാണ് ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ പേര്. സുലൈമാന്‍റെയും അയാളുടെ തുറയുടേയും കഥയാണ് ചിത്രം പറയുന്നത്.
പീരിയോഡിക് സിനിമയാണ് മാലിക്. സുലൈമാന്‍റെ 22 വയസ്സുമുതൽ 50 വയസ്സുവരെയുള്ള കാലഘട്ടമാണ്
ചിത്രത്തിന്‍റെ കഥ. കഥാപാത്രത്തിന് വേണ്ടി 20 കിലോയോളം ഫഹദ് ഭാരം കുറച്ചത് ചർച്ചയായിരുന്നു.
ന്യൂനപക്ഷ സമുദായം നേരിടുന്ന അനീതിയും അതിജീവനത്തിനുള്ള പോരാട്ടവുമാണ് ചിത്രം ചർച്ച
ചെയ്യുന്നതെന്നാണ് സൂചന. ഫഹദിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാകും ഇതെന്നാണ് ട്രയിലർ
വ്യക്തമാക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടപ്പോഴും ഹിറ്റായിരുന്നു.
ഫഹദിന്‍റെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മാലിക് എന്ന പ്രത്യേകതയും ഉണ്ട്.
27 കോടിയിലധികമാണ് മുതൽമുടക്ക്. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനായിരുന്നു ആലോചന.
എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം ഓടിടിയിൽ റിലീസ്
ചെയ്യുന്നതിന് നിർമാതാവ് ആന്‍റോ ജോസഫ് തീരുമാനിക്കുകയായിരുന്നു.
ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, നിമിഷ സജയൻ, പൂർണിമ
ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാനവേഷത്തിൽ എത്തുന്നു. തിരക്കഥയും എഡിറ്റിങ്ങും മഹേഷ് നാരായണൻ
തന്നെയാണ്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം.
സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ്
സംഘട്ടനം ഒരുക്കിയത്.