Spread the love

തന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. പൃഥ്വിരാജ് അഭിനയിച്ച കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ മൂന്ന് സിനിമകളില്‍ നിന്നുള്ള പൃഥ്വിരാജിന്റെ വരുമാനത്തില്‍ വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

ഈ സിനിമകളില്‍ അഭിനയിച്ചതിന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിര്‍മ്മാണ പങ്കാളിയെന്ന നിലയില്‍ പണം വാങ്ങിയെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫിസുകളില്‍ 2022 ഡിസംബര്‍ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ പേരില്‍ വിവാദങ്ങളുണ്ടായതിനെ തുടര്‍ന്ന് റീ എഡിറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫിസുകളിലും വീടുകളിലും ഇഡി റെയ്ഡ് നടന്നിരുന്നു.

അതിന്റെ നടപടികള്‍ തുടരുകയാണ്. എന്നാല്‍ പൃഥ്വിരാജിന് നോട്ടിസ് നല്‍കിയതിന് എമ്പുരാനുമായി ബന്ധമില്ലെന്നും മുന്‍ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Leave a Reply