Spread the love

നാടൊട്ടാകെ എമ്പുരാന്‍ വാര്‍ത്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്. സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ രംഗത്ത് വന്നതിനു പിന്നാലെ ചിത്രത്തിലെ ഡാം പരാമര്‍ശം മുല്ലപ്പെരിയാറുമായി ചേര്‍ത്തുവച്ച് തമിഴ്നാട്ടിലും പ്രതിഷേധവും ബഹിഷ്കരണാഹ്വാനവും ചുട്ടുപൊള്ളുകയാണ്. ഇതിനിടെ ഒരു കൂട്ടരുടെ വിഷമം സുപിയ മേനോനെ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തുന്നില്ല എന്നതാണ്. ഇത് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പരസ്യമായി പറയുകയും ചെയ്തു.

.’മല്ലിക സുകുമാരനോട് പറയാനുള്ളത്, നിങ്ങളുടെ വീട്ടില്‍ ഒരാള്‍ ഉണ്ടല്ലോ, മരുമകള്‍. ആ മരുമകള്‍, ആ അര്‍ബന്‍ നക്സല്‍ പോസ്റ്റിട്ട് നാട്ടുകാരോട് പറഞ്ഞത്, തരത്തില്‍ കളിക്കെടാ എന്‍റെ ഭര്‍ത്താവിനോട് കളിക്കണ്ട എന്നാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’ എന്നാണ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇതിന് എഴുത്തുകാരി എസ്. ശാരദക്കുട്ടി നല്‍കിയിരിക്കുന്ന മറുപടി വൈറലാണ്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്;

മരുമകളെ നിലയ്ക്കു നിർത്താൻ അമ്മായിയമ്മക്കോ അമ്മായിയമ്മയെ നിലയ്ക്കു നിർത്താൻ മരുമകൾക്കോ കഴിയാത്ത കാലത്തേക്ക് കേരളത്തിലെ സാധാരണ സ്ത്രീകൾ വരെ വളർന്ന കാലത്താണ് സുപ്രിയാ മേനോനെ പോലെ ഒരു സ്ത്രീയെ നിലക്ക് നിർത്താൻ മല്ലികാ സുകുമാരനെ പോലെയുള്ള സ്ത്രീയോട് ആക്രോശിക്കുന്നത്.

പെണ്ണുങ്ങൾ ഇക്കാലം കൊണ്ടു ചാടിക്കടന്ന ഹഡിൽസ് ഒന്ന് ഓർക്കുക !!. ഇപ്പുറത്തോ ഒരിഞ്ചുപോലും മുന്നോട്ടു ചാടാനാകാതെ നിന്നേടത്തു നിന്ന് ‘കദംതാൽ ‘ ചവിട്ടുന്നവരുടെ പരേഡും. ഇയാളൊക്കെ മൂക്കു കൊണ്ട് ക്ഷ ണ്ണ ട്ട ട്ട ട്ഢ ടഢ ടഢ എണ്ണുന്ന ആ കാലം അടുത്തടുത്ത് വരുന്നത് കണ്ട് ആനന്ദതുന്ദിലയാകുകയാണ് ഞാൻ.

ഈ പോസ്റ്റിന് മുന്‍പ് മല്ലികാ സുകുമാരനെ പിന്തുണച്ചുകൊണ്ട് മറ്റൊരു കുറിപ്പും ശാരദക്കുട്ടി പങ്കുവച്ചിരുന്നു. കഴിവും അറിവും സിദ്ധിയും പക്വതയും ഉള്ള മക്കളെ വളർത്തിയെടുത്ത്, അവരെ ജീവിക്കാൻ വിട്ടിട്ട് സ്വന്തം കരിയറിൽ ശ്രദ്ധ പുലർത്തി ജീവിക്കുന്ന വ്യക്തിയാണ് മല്ലികാ സുകുമാരന്‍. മക്കളെ ആരെങ്കിലും ദുരുദ്ദേശത്തോടെ തൊട്ടാൽ അവർ സർവ്വശക്തിയുമെടുത്ത് എതിർത്ത് മക്കൾക്കൊപ്പം നിൽക്കും. കടലിൽ തുഴഞ്ഞവർ തോട് കണ്ടാൽ ഭയപ്പെടില്ല എന്നറിയാം എന്നാണ് ശാരദക്കുട്ടി കുറിച്ചത്

Leave a Reply