Spread the love
ഭബാനിപൂരിൽ മമതയ്ക്ക് വന്‍വിജയം: 58,389 വോട്ടിന്റെ ഭൂരിപക്ഷം

ഭബാനിപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നുന്നജയം. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 58,389 വോട്ടുകള്‍ക്കാണ് മമത വിജയിച്ചത്. മമതയ്ക്ക് 84,709 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രെവാൾ 26,320 വോട്ടുകള്‍ നേടി. ബംഗാളില്‍ ബി.ജെ.പിയുടെ ഗൂഢാലോചന തകര്‍ന്നെന്ന് മമത ബാനര്‍ജി പറഞ്ഞു. ബിജെപിക്ക് ചലനമുണ്ടാക്കാനായില്ല. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന സംസേര്‍ഗഞ്ചിലും ജങ്കിപുരിലും ടിഎംസി തന്നെയാണ് നേട്ടം കൊയ്തത്‍. അതേസമയം ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വിജയാഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്നും ബംഗാള്‍ സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

മിനി ഇന്ത്യ മമതയ്ക്ക് തന്നെ. ഭബാനിപുരില്‍ അത്ഭുതമെന്നും സംഭവിച്ചില്ല. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ഭബാനിപുരിന് മിനി ഇന്ത്യയെന്നാണ് വിശേഷണം. പോസ്റ്റല്‍ വോട്ടു മുതല്‍ ഒാരോ റൗണ്ടിലും മമത ലീഡ് ഉയര്‍ത്തി. വിജയം ഉറപ്പിച്ചതോടെ ടിഎംസി ആഘോഷം തുടങ്ങി. കേന്ദ്രമന്ത്രിമാരെ അടക്കം കളത്തിലിറക്കി ബിജെപി നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടില്ല. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. മമതയ്ക്കുവേണ്ടി രാജിവെച്ച സൊബന്‍ദേബ് ചതോപാധ്യായ് 29,000 വോട്ടിനാണ് വിജയിച്ചത്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംഘര്‍ഷം തടയാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഭബാനിപുരിലെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രെവാള്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനല്‍കി. സര്‍ക്കാര്‍ സംവിധാനം മമത ദുരുപയോഗം ചെയ്യുന്നുവെന്നും ബിജെപി ആരോപിച്ചു.

Leave a Reply