മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ മംമ്തയുടെ വളർച്ചയും അതിവേഗമായിരുന്നു. ഇതിനിടയിലാണ് ക്യാൻസർ ബാധിതയാണെന്ന് അവർ തിരിച്ചറിയുന്നത്. രോഗബാധിതയായിരുന്ന സമയത്ത് താൻ നേരിട്ട ചില പ്രശ്നങ്ങളെക്കുറിച്ച് മംമ്ത അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് മംമ്തയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘തെലുങ്കിലെ ബിഗ്ബഡ്ജറ്റ് ചിത്രമായ അരുന്ധതിയിൽ അനുഷ്‌ക ഷെട്ടിക്ക് പകരം അഭിനയിക്കേണ്ടത് മംമ്തയായിരുന്നു. കരാറിൽ ഒപ്പിട്ടിരുന്നു. സിനിമയുടെ മാനേജറുടെ കുബുദ്ധി കാരണമാണ് മംമ്ത അതിൽ നിന്നും പിൻമാറിയത്. മലയാളത്തിലും അരുന്ധതി സൂപ്പർ ഹിറ്റായിരുന്നു. സിനിമയും കുടുംബവുമായി ജീവിക്കുന്നതിനിടയിലാണ് അവർക്ക് ക്യാൻസറാണെന്ന് മംമ്ത തിരിച്ചറിഞ്ഞത്. അതിനെ ധൈര്യം കൊണ്ട് തോൽപ്പിക്കുകയാണ് ചെയ്തത്. ആദ്യസമയങ്ങളിൽ മംമ്തയ്ക്ക് ക്യാൻസറാണെന്ന് സിനിമയിൽ ഉളളവരെ പോലും അറിയിച്ചിരുന്നില്ല
സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും മംമ്തയെ തേടിയെത്തി. ഇതിനു പിന്നാലെയായിരുന്നു മംമ്തയുടെ വിവാഹം. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ സുജിത്ത് പത്മനാഭനെയാണ് 2011ൽ വിവാഹം കഴിച്ചത്. 2012ൽ വിവാഹമോചനത്തിനുളള തീരുമാനത്തിലെത്തിയതും ശ്രദ്ധേയമായിരുന്നു. അതിനുശേഷമാണ് പിന്നണി ഗാനരംഗത്ത് മംമ്ത സജീവമായത്. ഈ സമയത്ത് അവരുടെ ജീവിതത്തിൽ ക്യാൻസർ വീണ്ടും വില്ലനായി എത്തി. സിനിമകൾ മാറ്റിവച്ച് അവർ ചികിത്സയിലായി. അങ്ങനെ മംമ്ത മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി. വീണ്ടും അവർ അഭിനയത്തിൽ സജീവമായി.
2013 ആയപ്പോഴേയ്ക്കും വീണ്ടും മംമ്തയുടെ രോഗം മൂർഛിച്ചു. ആ സമയത്ത് അവർ ചില കാര്യങ്ങൾ പറയുകയുണ്ടായി. ഇനി കേരളത്തിൽ തുടരാൻ സാധിക്കില്ല, സഹപ്രവർത്തകരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ, നടിയായതുകൊണ്ട് മേക്കപ്പും വിഗുമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല, ചില ആശുപത്രികളിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക വൈകൃത അനുഭവങ്ങൾ, നോട്ടങ്ങൾ, മരുന്നുകളുടെ വില ഇതൊന്നും താങ്ങാൻ വയ്യെന്നാണ് അവർ പറഞ്ഞത്
ആ സമയത്ത് അമേരിക്കയിൽ കണ്ടുപിടിച്ച പുതിയ ചികിത്സാരീതി പരീക്ഷിക്കാൻ മംമ്തയ്ക്ക് അവസരം ലഭിച്ചു. അതിനായി അമേരിക്കയിലേക്ക് പോയ ആദ്യ ഇന്ത്യാക്കാരിയായിരുന്നു മംമ്ത. നന്ദികേടിന്റെ അനുഭവം മംമ്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മംമ്ത പറഞ്ഞത് ഇങ്ങനെ, ഒരു നടിയുടെ സിനിമയിൽ അതിഥി വേഷം ഞാൻ ചെയ്തിരുന്നു. എന്നാൽ താൻ നായികയായ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ ആ നടിയെ വിളിച്ചപ്പോൾ പോയി പണി നോക്കൂ എന്നായിരുന്നു പറഞ്ഞത്. ചില നടിമാർ സൂപ്പർസ്റ്റാർ എന്ന് പ്രചരിപ്പിക്കാൻ പിആർ വർക്കേഴ്സിനെ നിയമിച്ചിട്ടുണ്ട്. മലയാളത്തിലെ നടിമാർ ഇങ്ങനെയുളളവരല്ലെന്നും മംമ്ത പറഞ്ഞിരുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു