മമ്മൂട്ടിയും മേജർ രവിയും വീണ്ടും ഒരുമിക്കുന്നു. പട്ടാളകഥകളിൽ നിന്ന് മാറി ആക്ഷൻ ത്രില്ലറാണ് ഇത്തവണ മേജർ രവി ഒരുക്കുന്നത്.ഇഫോർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടിയും മേജർ രവിയും രണ്ടാം തവണയാണ് ഒരുമിക്കുന്നത്.മിഷൻ 90 ഡെയ്സ് ആണ് മമ്മൂട്ടിയും മേജർരവിയും ഒരുമിച്ച ചിത്രം.
അതേസമയം മഹേഷ് നാരായണന്റെ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ അസർബെയ്ജാനിലെ ലാക്കേഷനിലാണ് മമ്മൂട്ടി.മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. ശ്രീലങ്ക, ദുബായ് , ഷാർജ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
നയൻതാരയാണ് നായിക. രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവരോടൊപ്പം മദ്രാസ് കഫേ, പത്താൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.