കോട്ടയം : പ്രകൃതിദുരന്തത്തിൽ അടി പതറിയ കൂട്ടിക്കലിലെ ജനങ്ങൾ സഹായ ഹസ്തവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം കൂട്ടിക്കലിൽ എത്തി സേവനം തുടങ്ങി.
ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ സണ്ണി പി ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.
പത്തു കുടുംബങ്ങൾക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികൾ മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കത്തക്ക വിധം പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന രണ്ടായിരത്തിൽ അധികം തുണികിറ്റുകൾ വിതരണത്തിന് എത്തിച്ചിട്ടുണ്ട്.
ദുരന്തം നടന്നതിന് പിറ്റേന്ന് രാവിലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്.
കൂട്ടിക്കലിലെ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിന്ന്:
ഇപ്പോൾ ചെയ്യുന്ന സേവനങ്ങൾ അടിയന്തിരസേവനം ആണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതരിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് അറിയിച്ചു
ദുരന്ത സ്ഥലത്തെ കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തങ്ങൾ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്.
അതേ സമയം മമ്മൂട്ടിയുടെ കാനഡയിലെയും അമേരിക്കയിലെയും ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും കെയർ ആൻഡ് ഷെയർ വഴി സഹായം എത്തിക്കുന്നുണ്ട്.