മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’ എന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. എട്ട് മാസങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിനായകനും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
നവംബർ 27 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനായകന്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. നേരത്തെ വന്ന പോസ്റ്ററുകളെല്ലാം തന്നെ വലിയ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്നവയായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജീഷ വിജയൻ, ആർജെ സൂരജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.








