Spread the love

മമ്മൂട്ടി ചിത്രം ‘വൺ’ ബോളിവുഡിലേക്ക്; റീമേക്ക് അവകാശം ബോണി കപൂറിന്

കൊവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു
സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായ വൺ. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ ആയാണ്
മമ്മൂട്ടിയെത്തിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ഓടിടി പ്ലാറ്റ്ഫോമിലും
ഹിറ്റായിരുന്നു. സിനിമ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ്
പുതിയ വിശേഷം.

ബോണി കപൂർ ആണ് വണ്ണിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മറ്റ് ഭാഷകളിലേക്കുള്ള റീമേക്ക് മുഴുവൻ ബോണി കപൂറിന്‍റെ ഉടമസ്ഥതയിലുള്ള
നരസിംഹ എന്‍റർ പ്രൈസസിന് ആയിരിക്കും. ഹിന്ദിയിൽ മാത്രമല്ല, തമിഴിലും
തെലുങ്കിലും ചിത്രം ഒരുക്കും. ഹിന്ദിയിൽ ആരായിരിക്കും നായകൻ എന്നത് സംബന്ധിച്ച്
ഊഹാപോഹങ്ങളും സജീവമാണ്.

ബോബി-സഞ്ജയ് ടീമാണ് വണ്ണിന്‍റെ തിരക്കഥ ഒരുക്കിയത്. നിമിഷ സജയൻ, മുരളി ഗോപി,
മാമൂക്കോയ, സുദേവ് നായർ, മാത്യൂസ്, ബിനു പപ്പു തുടങ്ങി വലിയ താരനിര തന്നെ
ചിത്രത്തിൽ ഉണ്ടായിരുന്നു. നേരത്തെ അന്ന ബെൻ നായികയായ ഹെലൻ എന്ന ചിത്രത്തിന്‍റെയും
റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കിയിരുന്നു.മകൾ ജാൻവി കപൂറിനെ നായികയാക്കി
ഷൂട്ടിങ് ഉടൻ തുടങ്ങും.

ജയം രവി നായകനായ തമിഴ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അർജുൻ കപൂർ ആവും
നായകൻ. അജിത്ത് നായകനായ വലിമൈ ആണ് ബോണി കപൂറിന്‍റെ നിർമാണത്തിൽ
പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രം. ബോളിവുഡിൽ ഹിറ്റായ ആർട്ടിക്കിൾ 5 ഉം തമിഴിൽ
റീമേക്ക് ചെയ്യുന്നുണ്ട്. ഉദയനിധി സ്റ്റാലിൻ ആകും നായകൻ.

Leave a Reply